റണ്‍വേയിലൂടെ ചീറിപ്പാഞ്ഞ്് കാര്‍, പുറകെ 20 വണ്ടി പൊലീസ്, സിനിമയെ വെല്ലും രംഗം: വിഡിയോ

Screengrab

ബാരിക്കേഡുകള്‍ തകര്‍ത്ത് വിമാനത്താവളത്തിലേക്ക് ഇടിച്ചുകയറുന്ന കാര്‍. പുറകെ 20 കാറുകളിലും മോട്ടോര്‍സൈക്കിളുകളിലും ഒരു ഹെലികോപ്റ്ററിലുമായി പൊലീസ്‍. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ പകര്‍ത്തിയതൊന്നുമല്ല സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഈ വിഡിയോ. ഫ്രാന്‍സിലെ ഒരു നഗരത്തിലൂടെ അപകടകരമായി വാഹനമോടിച്ച ആളെ പിടിക്കാനുള്ള പൊലീസിന്റെ പെടാപാടായിരുന്നുവത്.

കിഴക്കന്‍ ഫ്രാന്‍സിലെ ഹൈവേ എ43 ലൂടെ എതിര്‍ദിശയില്‍ അപകടകരമായി വാഹനമോടിച്ച യുവാവിനെ പിന്തുടരുകയായിരുന്നു പൊലീസ്. ഒടുവില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ലിയോണ്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയ ആള്‍ റണ്‍വേയിലൂടെ ചീറിപാഞ്ഞു. ഏകദേശം 20 പൊലീസ് വാഹനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും പരിശ്രമത്തിന്റെ ഫലമായാണ് കാര്‍ തടഞ്ഞു നിര്‍ത്താനായത്. 

വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടിയിലായി. ഹൈവേയില്‍ എതിര്‍ ദിശയിലൂടെ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് കണ്ടാണ് പിന്തുടര്‍ന്നതെന്നും അപകടകരമായി വാഹനമോടിച്ച ആളെ അതിസാഹസികമായി കീഴടക്കിയെന്നുമാണ് പൊലീസ് പറയുന്നത്. എന്തൊക്കെയായാലും കിഴക്കന്‍ ഫ്രാന്‍സിലെ ഏറ്റവും വലിയ വിമാനത്താവളമാണ് യുവാവിന്റെ സാഹസം കാരണം അടച്ചിടേണ്ടി വന്നത്. 17 വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും 52 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.