യൂറോ എൻസിഎപി നടത്തിയ ഇടി പരീക്ഷയിൽ മൂന്നു സ്റ്റാർ നേടി സുസുക്കി ജിംനി. ഈ വർഷം വിപണിയിലെത്തിയ ജിംനിയുടെ യൂറോപ്യൻ പതിപ്പിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റിൽ അഞ്ചിൽ മൂന്ന് സ്റ്റാർ നേടിയ ജിംനി 73 ശതമാനം സുരക്ഷ മുൻസീറ്റ് യാത്രികനും 84 ശതമാനം സുരക്ഷ പിന്നിലെ കുട്ടികൾക്കും നൽകും. കാൽനടക്കാർക്ക് 52 ശതമാനം സുരക്ഷയും ജിംനി നൽകും. എയർബാഗും എബിഎസും സ്പീഡ് അസിസ്റ്റ് സിസ്റ്റവുമുള്ള വാഹനമാണ് ക്രാഷ് െടസ്റ്റിനായി ഉപയോഗിച്ചത്.
ഫ്രണ്ട് ക്രാഷ് ടെസ്റ്റ് 64 കിലോമീറ്റർ വേഗത്തിലും സൈഡ് മൊബൈല്‍ ബാരിയർ ടെസ്റ്റ് 50 കിലോമീറ്റർ വേഗത്തിലുമാണ് നടത്തിയത്. 1970 ൽ പുറത്തിറങ്ങിയ ജിംനിയുടെ നാലാം തലമുറയാണ് ഈ വർഷം ആദ്യം പുറത്തിറങ്ങിയത്. കരുത്തിൽ മാത്രമല്ല സൗകര്യങ്ങളിലും സ്റ്റൈലിലും ഈ ചെറു വാഹനം മുന്നിൽ തന്നെ.
സുരക്ഷയ്ക്കായി ഹിൽ ഹോൾഡ്, ഡിസന്റ് കൺട്രോൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോനിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്. 3395 എം എം നീളം 1475 എം എം വീതി 1725 എം എം ഉയരം. വീൽബെയ്സ് 2250 എം എം. ഗ്രൗണ്ട് ക്ലിയറൻസ് 205 എം എം. ജപ്പാനീസ് വകഭേദത്തിൽ 658 സി സി 3 സിലിണ്ടർ പെട്രോൾ എൻജിൻ. 64 ബി എച്ച് പി. 100 ബി എച്ച് പിയുള്ള 1.5 ലീറ്റർ 4 സിലണ്ടർ പെട്രോൾ മോഡലുമുണ്ട്. ഇന്ത്യയിലേക്ക് ഒരു ഡീസൽ എൻജിൻ വന്നാലും അമ്പരക്കേണ്ട. ഇന്ത്യയിലിപ്പോൾ എതിരാളികളില്ലെങ്കിലും ജിംനി വരുമ്പോഴേക്കും ജീപ്പ് റെനഗേഡ് എന്ന കരുത്തൻ എതിരാളിയായി ഉണ്ടാവും.