കോംപാക്ട് സെഡാനായ ടിഗൊറിന്റെ പ്രചാരണങ്ങളിൽ നായകനാവാൻ ടാറ്റ മോട്ടോഴ്സ് ബോളിവുഡ് താരം ഹൃതിക് റോഷനെ പടയ്ക്കിറക്കുന്നു. ബുധനാഴ്ചയാണു കമ്പനി ടിഗൊറിന്റെ മുന്തിയ വകഭേദം അനാവരണം ചെയ്യാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ ഹൃതിക് റോഷന്റെ രംഗപ്രവേശം കാര്യമായ താരപ്പകിട്ടു സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണു ടാറ്റ മോട്ടോഴ്സ്.
ഹാച്ച്ബാക്കായ ‘ടിയൊഗൊ’ അടിസ്ഥാനമാക്കി വികസിപ്പിച്ച കോംപാക്ട് സെഡാനാണു ‘ടിഗൊർ’; എന്നാൽ വിൽപ്പനയിൽ ‘ടിയാഗൊ’യുടെ മുന്നേറ്റം ആവർത്തിക്കാൻ ‘ടിഗൊറി’ന് സാധിച്ചിട്ടില്ല. പ്രതിമാസം 8,000 യൂണിറ്റാണു ‘ടിയാഗൊ’ നേടുന്ന ശരാശരി വിൽപ്പന; എന്നാൽ ‘ടിഗൊർ’ വിൽപ്പനയാവട്ടെ വെറും 2,000 യൂണിറ്റിലൊതുങ്ങുകയാണ്. ഹൃതിക് റോഷനെ പോലെ താരമൂല്യമുള്ള ബ്രാൻഡ് അംബാസഡറുടെ രംഗപ്രവേശം ‘ടിഗൊറി’ന്റെ ജാതകം തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണു കമ്പനി.
ബോളിവുഡിലെ അറിയപ്പെടുന്ന കാർ പ്രേമിയാണു ഹൃതിക് റോഷൻ; ആഡംബരവും ആർഭാടവും തുളുമ്പുന്ന കാറുകൾക്കൊപ്പം പഴമയുടെ പകിട്ടുള്ള ഫോഡ് ‘മസ്താങ്ങും’ റോഷന്റെ ശേഖരത്തിലുണ്ട്. ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ മോട്ടോർ സൈക്കിൾ ശ്രേണിയുടെ പ്രചാരകരനായിരുന്ന മുൻപരിചയവും ഹൃതിക് റോഷനുണ്ട്. അന്ന് ഹൃതിക് നായകനായ ‘കരിസ്മ’ പരസ്യങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു.
പരിഷ്കരിച്ച ഹെഡ്ലാംപ്, ടെയിൽ ലാംപ്, മുൻ ഗ്രിൽ, അലോയ് വീൽ തുടങ്ങി അടിമുടി പരിഷ്കാരങ്ങളോടെയാണ് ‘ടിഗൊറി’ന്റെ പുത്തൻ പതിപ്പിന്റെ വരവ്. അകത്തളത്തിലും കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ടെന്നാണുടാറ്റയുടെ വാദം.
എന്നാൽ സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ടിഗൊറി’ന്റെ മുന്തിയ വകഭേദം എത്തുന്നത്; പെട്രോൾ, ടർബോ ഡീസൽ എൻജിനുകളാണു കാറിനു കരുത്തേകുക. 1.2 ലീറ്റർ, റെവോട്രോൺ പെട്രോൾ എൻജിന് 84 ബി എച്ച് പിയോളം കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകളാണു ഗീയർബോക്സ് സാധ്യതകൾ. 1.1 ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോചാർജ്ഡ് ഡീസൽ എൻജിന്റെ പരമാവധി ശേഷിയാവട്ടെ 69 ബി എച്ച് പി കരുത്തും 140 എൻ എം ടോർക്കുമാണ്. ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രം.