ജാഗ്വറാൽ പ്രചോദിതം ടാറ്റ 45എക്സ്

Tata 45X

പുതിയ മുഖങ്ങൾ നൽകിയ ഊർജത്തിൽ കുതിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. ടിഗായോയും ടിഗോറും ഹെക്സയും നൊക്സോണും വിപണിയിൽ മുന്നേറുമ്പോൾ പ്രീമിയം ഹാച്ചും എസ്‌യുവിയുടെ സെ‍ഡാനുമടക്കം നിരവധി വാഹനങ്ങളുടെ പണിപ്പുരയിലാണ് ടാറ്റ. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പൊയിലെ താരങ്ങളായിരുന്നു ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കും എസ്‌യുവിയും. ഹാരിയർ എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി ലാൻഡ്റോവറിൽ‌ നിന്നു പ്രചോദിതമാണെങ്കിൽ 45 എക്സ് എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രചോദനം ജാഗ്വറാണ്.

Tata 45X

മാരുതി ബലേനൊ, ഹ്യുണ്ടേയ് എലൈറ്റ് ഐ 20, ഹോണ്ട ജാസ് തുടങ്ങിയ കാറുകളുമായി മത്സരിക്കാനെത്തുന്ന കാറിനെ അടിമുടി പ്രീമിയമാക്കിയാണ് ടാറ്റ എക്സ്പോയിൽ പ്രദർശിപ്പിച്ചത്. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായി എത്തുന്ന ചെറു കാര്‍ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും (എഎംപി) നിര്‍മിക്കുക. വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0 ല്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമായിരിക്കും പ്രീമിയം ഹാച്ച്ബാക്ക്. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 1.0 പ്രകാരം ഡിസൈന്‍ ചെയ്ത വാഹനങ്ങളായിരുന്നു.

Tata 45X

ടിയോഗോയെക്കാള്‍ വലുപ്പമുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ടാറ്റയുടെ പുതു തലമുറ കാറുകളെപ്പോലെ സ്‌റ്റൈലന്‍ ലുക്കും ധാരാളം ഫീച്ചറുകളുമായിട്ടാകും പുതിയ കാര്‍ പുറത്തിറങ്ങുക. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമാതാക്കളായ ജാഗ്വറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഫീച്ചറുകളും ഡിസൈൻ ഘടകങ്ങളും കാറിനുണ്ടാകും. നെക്‌സോണില്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനും ടിയാഗോയിലെ 1.05 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാകും പുതിയ കാറിന് കരുത്തേകുക. ഡീസല്‍ എന്‍ജിന് കൂട്ടായി (വി ജി ടി)വേരിയബില്‍ ജോമട്രി ടര്‍ബോയും ഉണ്ടാകും.