Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർച്യൂണറെ ലക്ഷ്യം വെച്ച് മഹീന്ദ്രയുടെ എസ്​യുവി നവംബർ 19ന്

mahindra-xuv-700 SsangYong Rexton

പ്രീമിയം എസ്‍യുവി സെഗ്മെന്റിലേക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം നവംബർ 19 ന് വിപണിയിലെത്തും. ടൊയോട്ട ഫോർച്യൂണർ, ഹോണ്ട സിആർ–വി, ഫോഡ് എൻഡെവർ തുടങ്ങിയ കരുത്തൻമാരുമായി മത്സരിക്കുന്ന വാഹനം കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയില്‍ മഹീന്ദ്ര പ്രദർശിപ്പിച്ചിരുന്നു. വൈ400 എന്ന കോഡു നാമത്തിൽ അറിയപ്പെടുന്ന വാഹനത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എക്സ്‌യുവി 700 ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ പുതിയ റെക്സ്റ്റണെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പ്രീമിയം എസ്‌യുവി. സാങ്‌യോങ് ബ്രാൻഡിൽ പുറത്തിറക്കിയ ആദ്യ റെക്സ്റ്റണിന് വലിയ ജനപിന്തുണ ലഭിക്കാത്തതാണ് വാഹനത്തെ റീബാഡ്ജിങ് ചെയ്ത് മഹീന്ദ്രയുടെ പേരിൽ പുറത്തിറക്കാൻ കാരണം. രാജ്യാന്തര വിപണിയിലെ റെക്സ്റ്റണുമായി ഏറെ വ്യത്യാസം മഹീന്ദ്രയുടെ വാഹനത്തിനുണ്ടാകും. ഇന്ത്യയ്ക്ക് അനുയോജ്യമായ തരത്തിൽ ഏറെ മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് മഹീന്ദ്ര പറയുന്നത്.

‌പ്രീമിയം എസ്‌യുവി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകള്‍ എക്സ്‌യുവി 700 ഉണ്ടാകും. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുണ്ടാകും. 2865 എംഎം ആണ് വീൽ ബെയ്സ്. ഫുൾ എല്‍ഇഡി ഹെഡ്‌ലാംപ്, ഹെക്സഗണൽ ഗ്രിൽ. ഡേറ്റം റണ്ണിങ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, 20 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിലുണ്ട്. ഇന്റീരിയറിൽ 9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതീകരിക്കാവുന്ന സീറ്റുകൾ എന്നീങ്ങനെ ആഡംബര സൗകര്യങ്ങളുണ്ട്.

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ റെക്സ്റ്റണിൽ 2.7 ലീറ്റർ എൻജിനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ മോ‍‍ഡലിൽ 2.2 ലീറ്റർ ഡീസൽ എൻജിനാണ്. 187 ബിഎച്ച്പി കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മാനുവൽ കൂടാതെ ഏഴു സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദവും ഓൾ വീൽ ഡ്രൈവ് വകഭേദവും പുതിയ വാഹനത്തിലുണ്ടാകും. 24 ലക്ഷം രൂപ മുതലായിരിക്കും വില.‌