സെഡാനായ ‘വെർണ’യുടെ ഓട്ടമാറ്റിക് പതിപ്പിൽ രണ്ടു പുതിയ വകഭേദങ്ങൾ കൂടി ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച പുത്തൻ ‘വെർണ’യുടെ പ്രത്യേക ‘ആനിവേഴ്സറി പതിപ്പും’ കമ്പനി അടുത്തയിടെ പുറത്തിറക്കിയിരുന്നു.
ഇതുവരെ ‘വെർണ’യുടെ മുന്തിയ വകഭേദം ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ ലഭ്യമായിരുന്നില്ല. എന്നാൽ സൗകര്യങ്ങളും സംവിധാനങ്ങളുമേറെയുള്ള മുന്തിയ വകഭേദത്തിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ കൂടി ആഗ്രഹിച്ച് ധാരാളം ഉപയോക്താക്കൾ എത്താറുണ്ടായിരുന്നെന്ന് ഡീലർമാർ സാക്ഷ്യപ്പെടുത്തുന്നു.
ഈ സാഹചര്യത്തിലാണ് പെട്രോൾ എൻജിനും ഓട്ടമാറ്റിക് ട്രാൻസ്മിഷനുമായി ‘എസ് എക്സ് പ്ലസ്’, ഡീസൽ എൻജിനും ഓട്ടമാറ്റിക് ട്രാൻസ്മിഷനുമായി ‘എസ് എക്സ് (ഒ)’ വകഭേദങ്ങൾ അവതരിപ്പിക്കാൻ ഹ്യുണ്ടേയ് തീരുമാനിച്ചത്.
പുതിയ വകഭേദങ്ങളിൽ ‘എസ് എക്സ് പ്ലസി’ൽ പുഷ് ബട്ടൻ സ്റ്റാർട് സഹിതം സ്മാർട് കീ സംവിധാനവും വയർലെസ് ചാർജിങ് സൗകര്യവും ഹ്യുണ്ടേയ് ലഭ്യമാക്കുമെന്നാണു പ്രതീക്ഷ; ഡീസൽ പതിപ്പിൽ വയർലെസ് ചാർജിങ് സൗകര്യം ലഭ്യമാവും.
ഓട്ടമാറ്റിക് ട്രാൻസ്മിഷൻ കൂടിയാവുന്നതോടെ ‘വെർണ എസ് എക്സ് പ്ലസ്’ വിലയിൽ 35,000 രൂപയുടെ വർധനയാണു പ്രതീക്ഷിക്കുന്നത്. ‘എസ് എക്സ് (ഒ)’ വകഭേദത്തിനാവട്ടെ ‘എസ് എക്സി’നെ അപേക്ഷിച്ച് 20,000 രൂപ വിലയേറാനാണു സാധ്യത. 1.6 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം മാത്രമാണു ഹ്യുണ്ടേയ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാക്കുന്നത്. ഫോക്സ്വാഗൻ ‘വെന്റോ’യുടെയും സ്കോഡ ‘റാപിഡി’ന്റെയുമൊക്കെ ഓട്ടമാറ്റിക് പതിപ്പുകളാണു ‘വെർണ’യുടെ എതിരാളികൾ.