മലയാളികളുടെ പ്രിയ താരമാണ് ബിജുക്കുട്ടൻ. മിനിസ്ക്രീനിലും സിനിമകളിലും സജീവസാന്നിധ്യമായ താരത്തിന്റെ പേരുകേട്ടാൽ തന്നെ മലയാളികളുടെ ചുണ്ടിൽ ചിരിവിരിയും. പോത്തൻ വാവയിലെ കരിവണ്ടായും ചോട്ടാമുംബൈയിലെ സുശീലനായും മലയാളി മനസിൽ ഇടം പിടിച്ച ബിജുകുട്ടന്റെ യാത്ര ഇനി ജീപ്പ് കോംപസിൽ. കോംപസിന്റെ ലോഞ്ചിട്യൂഡ് വകഭേദമാണ് കൊച്ചിയിലെ ജീപ്പ് ഷോറൂമിൽ നിന്ന് താരം സ്വന്തമാക്കിയത്.
മലയാള സിനിമ ലോകത്തെ ഇഷ്ട എസ് യു വിയായി മാറുകയാണ് ജീപ്പ്. നേരത്തെ പ്രയാഗ മാർട്ടിനും, ശ്രീനിവാസനും ഉണ്ണിമുകുന്ദനും നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ മിഥുൻ മാനുവലും ജീപ്പിന്റെ ഈ ചെറു എസ് യു വി സ്വന്തമാക്കിയിരുന്നു. ജീപ്പിന്റെ ചെറു എസ് യു വി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.
ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 15.42 ലക്ഷം മുതല്‍ 22.92 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.