Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യം മാത്രമല്ല ഡ്രൈവറുടെ ഉറക്കവും വിശപ്പും അളക്കുന്ന യന്ത്രം കൂടെ പൊലീസിന്റെ കയ്യിൽ വേണം സാറേ

raghunath-paleri Image Source: Facebook

രാത്രി കാലങ്ങളിലെ പോലീസ് പരിശോധനകൾ പലപ്പോഴും നമ്മേ അലോസരപ്പെടുത്താറുണ്ട്. എന്നാൽ നമ്മുടേയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടേയും സുരക്ഷയ്ക്കാണ് പൊലീസ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്താറ്. ഇത്തരം പരിശോധനകളിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഉപകരണം മാത്രം പോര, മറിച്ച് ഡ്രൈവറുടെ ഉറക്കവും വിശപ്പും അളക്കുന്ന ഉപകരണം കൂടി  പൊലീസിന്റെ കൈയ്യിൽ വേണം എന്നാണ് പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ രഘുനാഥ് പാലേരി പറയുന്നത്. 

ഒരു യാത്രയിൽ ഡ്രൈവറുമായുള്ള സംഭാഷണമാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലുടെ പറയുന്നത്. ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് കാറിൽ മടങ്ങുകയിരുന്നു. ഡ്രൈവറാണ് വണ്ടിയോടിക്കുന്നത്. വഴിയിൽ പൊലീസ് കൈ കാണിച്ചു. യന്ത്രത്തിലേക്ക് ഊതാൻ പറഞ്ഞു. കുഴപ്പമൊന്നുമില്ല. വീണ്ടും കാർ മുന്നോട്ട്. 

അപ്പോഴാണ് ഡ്രൈവർ സ്വന്തം അനുഭവത്തിൽ നിന്നും ഒരു ഫ്ളാഷ് ബാക്ക് കഥ പറയുന്നത്. പൊലീസിന്റെ ഊതിക്കൽ നല്ലതാണ്. മദ്യപിച്ച് വാഹനമോടിച്ച് എത്ര അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. താനും ഒരിക്കൽ പെട്ടെന്നു ഡ്രൈവർ. പക്ഷെ വണ്ടി ഓടിച്ചത് താനല്ല. ഓടിച്ച മറ്റൊരു ആളായിരുന്നു. വാഹനത്തിൽ താനടക്കം അഞ്ചു പേർ. ഓടിക്കുന്നവൻ നന്നായി മദ്യപിച്ചിരുന്നു. താൻ ഓടിക്കാമെന്നു എത്ര പറഞ്ഞിട്ടും അനുസരിച്ചില്ല. വാഹനം ഓടിച്ചയാൾ കരാട്ടെ ബ്ളൂ ബെൽറ്റ് കൂടിയായിരുന്നു. പക്ഷെ ഇന്നോവയ്ക്കു കരാട്ടെ അറിയില്ലല്ലോ. വാഹനം കരണം മറിഞ്ഞത് മൂന്നു തവണ. ഒടുവിൽ വയലിൽ ചെന്നാണ് വിശ്രമിച്ചത്.

വണ്ടി പെട്ടെന്ന് റിപ്പയർ ചെയ്തു കിട്ടി. പക്ഷെ അകത്തുണ്ടായിരുന്നവരുടെ റിപ്പയർ കഴിയാൻ കുറച്ചു സമയമെടുത്തു. ഡ്രൈവർ തന്റെ ഇടംകൈ രഘുനാഥിനെ കാണിച്ചു കൊടുത്തു. കൈ മുട്ടിനരികെ ഒരു തടിപ്പ്. ഒരു വളവ്. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്ന അളക്കുന്ന യത്രം മാത്രം പോര പൊലീസിന്റെ കയ്യിൽ അവരുടെ വിശപ്പും ഉറക്കവും അളക്കുന്ന യന്ത്രം കൂടിവേണം എന്ന പറഞ്ഞ ഡ്രൈവർ നിർത്തി...

തികച്ചും സത്യസന്ധമായൊരു അപേക്ഷയാണിതെന്നു തനിക്കു തോന്നിയെന്നാണ് രഘുനാഥ് പാലേരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.