സ്റ്റാർട്ടിങ് ട്രബിളിനെ തുടർന്ന് ‘ഇൻട്രൂഡർ 150’ ബൈക്കുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) തീരുമാനിച്ചു. 2017ൽ ഇന്ത്യയിലെത്തിയ ബൈക്കിന്റെ ഫ്യുവൽ ഇഞ്ചക്ഷൻ പതിപ്പ് കഴിഞ്ഞ മാർച്ചിലാണു വിൽപ്പനയ്ക്കെത്തിയത്. എന്നാൽ ബൈക്ക് സ്റ്റാർട് ചെയ്യാൻ തടസ്സം നേരിടുന്നെന്ന പരാതികൾ വ്യാപകമായതോടെയാണ് ‘ഇൻട്രൂഡർ 150’ തിരിച്ചു വിളിച്ചു പരിശോധിക്കാൻ സുസുക്കി തീരുമാനിച്ചത്.
ബൈക്കിൽ ഉപയോഗിച്ച ലോക്ക്സെറ്റിന്റെ തകരാറാണ് ‘ഇൻട്രൂഡർ 150’ നേരിടുന്നപ്രശ്നം. സെൽഫ് സ്റ്റാർട് ഉപയോഗിക്കുന്ന ഘട്ടത്തിൽ ഇത് ബൈക്കിന്റെ ഇഗ്നീഷൻ സംവിധാനത്തെയും ബാധിക്കുന്നു. പരിശോധന ആവശ്യമുള്ള ബൈക്കുകളുടെ ഉടമസ്ഥരെ സുസുക്കി നേരിട്ടു വിവരം അറിയിക്കുന്നുണ്ട്. ഡീലർഷിപ്പിലെത്തിച്ചാൽ അര മണിക്കൂറിനകം ‘ഇൻട്രൂഡറി’ലെ ലോക്ക് സെറ്റ് തകരാർ സൗജന്യമായി പരിഹരിച്ചു കൊടുക്കുമെന്നാണു സുസുക്കിയുടെ വാഗ്ദാനം. എത്ര ബൈക്കുകളെ ഈ തകരാർ ബാധിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്താൻ സുസുക്കി തയാറായിട്ടില്ല.
എൻട്രി ലവൽ ക്രൂസർ ബൈക്കായ ‘ഇൻട്രൂഡറി’ന് 99,995 രൂപയാണു ഷോറൂം വില. എൽ ഇ ഡി പൊസിഷൻ ലാംപ്, വലിയ മുൻ കൗൾ, എൽ ഇ ഡി ടെയിൽ ലാംപ്, വലിപ്പമേറിയ എക്സോസ്റ്റ് തുടങ്ങിയവയെല്ലാമുള്ള ബൈക്കിന്റെ രൂപകൽപ്പനയിലും യഥാർഥ ‘ഇൻട്രൂഡറി’നെയാണു സുസുക്കി മാതൃകയാക്കുന്നത്.
‘ജിക്സറി’ലെ 155 സി സി എൻജിൻ തന്നെയാണ് ഈ ‘ഇൻട്രൂഡറി’നും കരുത്തേകുന്നത്; 154.9 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിന് 8,000 ആർ പി എമ്മിൽ 14.6 ബി എച്ച് പി കരുത്തും 6,000 ആർ പി എമ്മിൽ 14 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.
മികച്ച സുരക്ഷയ്ക്കായി സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാനവുമായി എത്തുന്ന ഈ 150 സി സി ‘ഇൻട്രൂഡറി’ന്റെ മത്സരം ബജാജ് ഓട്ടോയുടെ ‘അവഞ്ചർ 180’, ‘അവഞ്ചർ 220’ ബൈക്കുകളോടാണ്.