ഗിയറില്ലാത്ത സ്കൂട്ടറുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഉപയോഗിക്കാനുള്ള എളുപ്പമാണ് ഗിയർ സ്കൂട്ടറുകളെ പിന്തള്ളി ഗിയർലെസ് സ്കൂട്ടറുകൾ വിപണിയിൽ മുന്നേറുന്നതിനായുള്ള കാരണം. ഗിയറില്ലാത്ത സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ആളുകൾക്ക് നിരവധി അബദ്ധങ്ങൾ പറ്റാറുമുണ്ട്. ബൈക്കിന്റെ ആക്സിലേറ്റർ തിരിക്കുന്നതുപോലെ സ്റ്റാർട്ടാക്കി ഇരിക്കുന്ന സ്കൂട്ടറിന്റെ ആക്സിലേറ്റർ വെറുതെ തിരിച്ചാൽ വിവരമറിയും.
അത്തരത്തിൽ കൈയബദ്ധങ്ങൾ പറ്റിയിരിക്കുന്നത് നിരവധി പേർക്കാണ്. സ്റ്റാർട്ടാക്കി വെച്ചിരിക്കുന്ന സ്കൂട്ടറിന്റെ ആക്സിലേറ്റർ അറിയാതെ തിരിച്ചുണ്ടാക്കുന്ന അപകടങ്ങളും നിരവധിയാണ്. അത്തരത്തിലൊരു അബദ്ധത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കൂട്ടുകാരനോട് ലോഹ്യം പറഞ്ഞ സുഹൃത്താണ് അടുത്തുചെന്ന് അറിയാതെ ആക്സിലേറ്റർ തിരിച്ചത്. ആളെവെച്ച് മുന്നോട്ട് കുതിച്ച സ്കൂട്ടർ റോഡിലേക്ക് പാഞ്ഞ് ടിപ്പറിൽ ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ടിപ്പറിന്റെ അടിയിൽപ്പെടാതെ ജീവൻ രക്ഷപ്പെട്ടത്. അറിഞ്ഞുകൊണ്ട് ചെയ്തതല്ലെങ്കിലും ചെറിയൊരു അശ്രദ്ധ കൂട്ടുകാരന്റെ ജീവൻ അപകടത്തിലാക്കിയേനേ.