ജർമൻ ഫുട്ബോൾ ടീമും മെഴ്സിഡീസും വഴി പിരിഞ്ഞു

German Football Team Bus

ജർമൻ ഫുട്ബോൾ അസോസിയേഷനുമായി നാലര പതിറ്റാണ്ടിലേറെയായി തുടരുന്ന സഖ്യം ഉപേക്ഷിക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് തീരുമാനിച്ചു. അടുത്ത വർഷം മുതൽ ഡി എഫ് ബിക്കുള്ള സ്പോൺസർഷിപ്പിൽ നിന്നു പിൻമാറാനാണു മെഴ്സിഡീസ് ഒരുങ്ങുന്നത്. ഇതോടെ വെൽറ്റിൻസ് അരീനയിൽ കഴിഞ്ഞ ദിവസം നടന്ന ജർമനി — നെതർലൻഡ്സ് മത്സരം ജർമൻ ദേശീയ ടീമിനു മെഴ്സീഡിസ് ബെൻസ് ജഴ്സിയിലുള്ള അവസാന പോരാട്ടവുമായി. 

German Football Team Bus

‘ദ് ജേണി’ എന്നു പേരിട്ട പുതിയ പരസ്യവുമായാണ് മെഴ്സിഡീസ് ബെൻസ് ദേശീയ ഫുട്ബോൾ ടീമുമായുള്ള സുദീർഘമായ ബന്ധത്തിന് അന്ത്യം കുറിച്ചത്. ജർമനിയുടെ ഫുട്ബോൾ ചരിത്രം ആസ്പദമാക്കി കഴിഞ്ഞ 46 വർഷത്തിനിടെയുള്ള വ്യത്യസ്ത ഓർമകളാണു പരസ്യം പങ്കുവയ്ക്കുന്നത്. തീരദേശത്തു തുടങ്ങി പ്രധാന നഗരങ്ങൾ പിന്നിട്ട് ജർമനിയിലൂടെ യാത്ര ചെയ്യുന്ന ടീം ബസ് കഴിഞ്ഞ നാലര പതിറ്റാണ്ടിന്റെ അനുഭവം ഓർത്തെടുക്കുന്നു. ടി വി സംപ്രേഷണത്തിനായി ഒരു മിനിറ്റ് ദൈർഘ്യമുള്ള പരസ്യം തയാറാക്കിയത് അന്റോനി എന്ന ഏജൻസിയാണ്. നിലവിൽ മെഴ്സിഡീസ് ബെൻസിന്റെ ഓൺലൈൻ ചാനലുകളിലും പരസ്യം ലഭ്യമാണ്. 

കമ്പനിയുമായി ദശാബ്ദങ്ങൾ നീണ്ട പങ്കാളിത്തത്തിനിടെ അസാധാരണ നേട്ടങ്ങളാണു ജർമൻ ഫുട്ബോൾ ടീം കൈവരിച്ചതെന്ന് ഡെയ്മ്‌ലർ എ ജി ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ഡീറ്റർ സെച് അഭിപ്രായപ്പെട്ടു. മെഴ്സിഡീസ് ബെൻസിലൂടെ ടീമിന്റെ പങ്കാളിയാവാൻ കഴിഞ്ഞത് ഉജ്വല അനുഭവമായിരുന്നു. പങ്കാളിത്തം പിരിയുന്നോടെ പുതിയ സാധ്യതകൾ തേടാനുള്ള അവസരമാണു കമ്പനിക്കു ലഭിക്കുന്നത്. സ്പോൺസർഷിപ് ഉപേക്ഷിച്ചാലും ദേശീയ ഫുട്ബോൾ ടീമിന്റെ ആരാധകരായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.