കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ഫാൻസി നമ്പറുകളാണ് 369ഉം 2255ഉം. ഒന്ന് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രിയ നമ്പറാണെങ്കിൽ മറ്റൊന്ന് സൂപ്പർതാരം മോഹൻലാലിന്റെ ഇഷ്ട നമ്പറാണ്. സൂപ്പർസ്റ്റാർ പരിവേഷമുള്ള രണ്ടു നമ്പറുകളും ഒറ്റ ഫ്രെയിമിൽ കിട്ടിയതിന്റ സന്തോഷത്തിലാണ് താര ആരാധകർ. സമൂഹമാധ്യമങ്ങളിൽ വൈറലായി മുന്നേറുകയാണ് ഈ ചിത്രം. സ്ഥലം വ്യക്തമല്ലെങ്കിലും മമ്മൂട്ടിയും മോഹൻലാലും എത്തിയ വാഹനങ്ങൾ എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
നീല പോർഷെയിലാണ് മമ്മൂട്ടി എത്തിയതെങ്കിൽ ലാൻഡ് ക്രൂസറിലാണ് മോഹൻലാൽ എത്തിയത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡലാണ് മമ്മൂട്ടിയുടെ 369. ടൊയോട്ടയുടെ ഈ ആഡംബര എസ്‌യുവിയായ ലാൻഡ് ക്രൂസറാണ് മോഹൻലാലിന്റെ 2255.
പോർഷെ പനമേര
പോർഷെയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് പനമേര. 550 പിഎസ് കരുത്തും 770 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.9 സെക്കന്റുകള്‍ മാത്രം മതി. ഈ കരുത്തന്റെ കൂടിയ വേഗം മണിക്കൂറില്‍ 306 കിലോമീറ്ററാണ്. ഏകദേശം 2.03 കോടി രൂപയാണ് പനമേര ടര്‍ബോയുടെ എക്സ്ഷോറൂം വില.
ലാൻഡ് ക്രൂസർ
സിനിമാ താരങ്ങളുടെ ഇഷ്ടവാഹനമാണ് ലാൻഡ് ക്രൂസർ. ടൊയോട്ടയുടെ ഈ ആഡംബര എസ്‌യുവിയിൽ ഉപയോഗിക്കുന്നത് 4461 സിസി വി8 ഡീസൽ എൻജിനാണ്. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ഫുൾസൈസ് എസ്‌യുവിയുടെ കൊച്ചി എക്സ് ഷോറൂം വില 1.36 കോടി രൂപയാണ്.