സുരക്ഷയിൽ ടാറ്റ നെക്സോൺ നമ്പർ വൺ, ഇടി പരീക്ഷയിൽ ഫുൾമാർക്ക്

Tata Nexon Crash Test

ക്രാഷ് ടെസ്റ്റിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് ടാറ്റ നെക്സോൺ. ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ അ‍ഞ്ചു സ്റ്റാർ സുരക്ഷയാണ് നെക്സോണിന് ലഭിച്ചത്. ഇതോടെ അഞ്ചു സ്റ്റാർ ലഭിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത വാഹനം എന്ന പേരും നെക്സോൺ സ്വന്തമാക്കി.  ഈ വർഷം ആദ്യം യുറോഎൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ നാലു സ്റ്റാർ നേടിയിരുന്നു. ഇതേ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചതാണ് അഞ്ചു സ്റ്റാർ ലഭിക്കാൻ കാരണം. മുൻ സീറ്റിൽ ഇരിക്കുന്നവരുടെ സുരക്ഷയിൽ 17ൽ 16.06 പോയിന്റ് നെക്സോൺ കരസ്ഥമാക്കി.

എല്ലാ വേരിയന്റിലും സീറ്റ് ബെല്‍റ്റ് അലാം ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്തി. തലയ്ക്കും കഴുത്തിനും മികച്ച സുരക്ഷയാണ് നെക്സോണ്‍ നല്‍കുന്നതെന്ന് ഇടി പരീക്ഷണത്തില്‍ തെളിഞ്ഞു. ഇന്ത്യയിലെ കാറുകളുടെ സുരക്ഷയില്‍ ഇതൊരു വലിയ നേട്ടമാണെന്നും ടാറ്റയ്ക്ക് അഭിമാനിക്കാമെന്നും ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് പറഞ്ഞു.

കോംപാക്റ്റ് എസ് യു വി സെഗ്‌‍മെന്റിലേക്ക് കഴിഞ്ഞ വർഷമാണ് ടാറ്റ നെക്സോൺ പുറത്തിറക്കുന്നത്. മികച്ച സ്റ്റൈലും ഫീച്ചറുകളുമായി എത്തിയ നെക്സോൺ പെട്ടെന്നു തന്നെ വിപണിയിലെ താരമായി മാറി. പെട്രോൾ ഡീസൽ എൻജിൻ മോഡലുകളുണ്ട് നെക്സോണിൽ. 1.2 ലിറ്റര്‍ ടർബോ ചാർജിഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടർബോ ചാർജിഡ് ഡീസല്‍ എൻജിനുകളാണ് നെക്‌സോണില്‍‍. പെട്രോൾ എൻജിന് 108 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും. ഡീസൽ എൻജിന് പരമാവധി 108 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും.