Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ നെക്സൻ ബംഗ്ലദേശിലും വിൽപ്പനയ്ക്ക്

tata-nexon Tata Nexon

ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘നെക്സൻ’ ബംഗ്ലദേശിൽ വിൽപ്പനയ്ക്കെത്തി. ‘നെക്സൻ എക്സ് സെഡ് എ പ്ലസി’ന്റെ പെട്രോൾ പതിപ്പിന് 24.90 ലക്ഷം ബംഗ്ലദേശ് ടാക മുതലും ഡീസൽ പതിപ്പിന് 25.90 ടാക മുതലുമാണു വില; ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഇതു യഥാക്രമം 21.50 ലക്ഷവും 22.37 ലക്ഷവുമാണ്.

ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നാലെയാണു ‘നെക്സൻ എക്സ് സെഡ് എ പ്ലസ്’ ബംഗ്ലദേശിൽ വിൽപ്പനയ്ക്കെത്തുന്നത്. ടാറ്റ മോട്ടോഴ്സിന്റെ പങ്കാളിയായ നിതൊൽ മോട്ടോഴ്സിനാണു ‘നെക്സ’ന്റെ ബംഗ്ലദേശിലെ വിപണന ചുമതല. ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ‘നെക്സൻ’ ബംഗ്ലദേശിൽ ലഭ്യമാണ്. അതേസമയം ‘നെക്സ’ന്റെ എല്ലാ വകഭേദങ്ങളും ശ്രീലങ്കയിൽ വിൽപ്പനയ്ക്കെത്തിച്ച ടാറ്റ മോട്ടോഴ്സ് പക്ഷേ മുന്തിയ വകഭേദമായ ‘എക്സ് സെഡ് എ പ്ലസ്’ മാത്രമാണു ബംഗ്ലദേശിൽ അവതരിപ്പിച്ചിരിക്കുന്നത്. ആറു നിറങ്ങളിലാണു ‘നെക്സൻ’ ബംഗ്ലദേശിൽ ലഭിക്കുന്നത്. 

ബംഗ്ലദേശിലെ സബ് കോംപാക്ട് എസ് യു വി വിപണിക്കു പുറമെ മൊത്തം വാഹന വിഭാഗത്തിൽ തന്നെ മികച്ച പ്രകടനം ലക്ഷ്യമിട്ടാണു ടാറ്റ മോട്ടോഴ്സ് ‘നെക്സൻ’ അവതരിപ്പിച്ചതെന്നു കമ്പനിയുടെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് രാജ്യാന്തര ബിസിനസ് മേധാവി സുജൻ റോയ് അഭിപ്രായപ്പെട്ടു. നിലവിൽ ഹാച്ച്ബാക്കായ ‘ടിയാഗൊ’ ടാറ്റ മോട്ടോഴ്സ് ബംഗ്ലദേശിൽ വിൽക്കുന്നുണ്ട്. കോംപാക്ട് എസ് യു വി വിഭാഗത്തിലേക്കുള്ള ചുവടുവയ്പും വിജയകരമാവുമെന്ന പ്രതീക്ഷയിലാണു പങ്കാളിയായ നിതൊൽ മോട്ടോഴ്സ്.