കോംപാക്ട് എസ് യു വിയായ നെക്സനിലെ ഇൻഫൊടെയ്ൻമെന്റ സംവിധാനത്തിൽ ടാറ്റ മോട്ടോഴ്സ് ആപ്പ്ൾ കാർ പ്ലേ ലഭ്യമാക്കി. നേരത്തെ ആൻഡ്രോയ്ഡ് ഓട്ടോ മാത്രമാണ് ഈ സംവിധാനത്തിൽ ഉണ്ടായിരുന്നത്. ‘നെക്സ’ന്റെ മുന്തിയ പതിപ്പുകളായ ‘എക്സ് സെഡ്’, ‘എക്സ് സെഡ് പ്ലസ്’, ‘എക്സ് സെഡ് എ പ്ലസ്’(ഓട്ടമാറ്റിക്) എന്നിവയിൽ ഹർമാനിൽ നിന്നുള്ള 6.5 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനമാണുള്ളത്. കരചലനങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ കഴിയുള്ള ഇൻഫൊടെയ്ൻമെന്റ് സിസ്റ്റമാണിത്.
പുതിയ മോഡലുകളിൽ ആപ്പ്ൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭ്യമാകുമ്പോൾ നിലവിൽ നിരത്തിലുള്ള വാഹനങ്ങളിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് വഴിയാകും ടാറ്റ മോട്ടോഴ്സ് ആപ്പ്ൾ കാർ പ്ലേ ലഭ്യമാക്കുക. ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പിലെത്തിയാൽ നിലവിലുള്ള ആർ 11.31 പതിപ്പിനു പകരം പുതിയ സോഫ്റ്റ്വെയറായ ആർ 12.50 അപ്ഡേറ്റ് ചെയ്യാൻ അര മണിക്കൂർ മതിയെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.
റെവോട്രോൺ ശ്രേണിയിലെ 1.2 ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ പെട്രോൾ എൻജിനോടെയാണ് ‘നെക്സൻ’ എത്തുന്നത്; 110 ബി എച്ച് പിയോളം കരുത്തും 170 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇതിനു പുറമെ റെവോടോർക് ശ്രേണിയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, ടർബോ ഡീസൽ എൻജിൻ സഹിതവും ‘നെക്സൻ’ വിൽപ്പനയ്ക്കുണ്ട്; 110 ബി എച്ച് പി വരെ കരുത്തും 260 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. രണ്ട് ട്രാൻസ്മിഷൻ സാധ്യതകളാണ് ‘നെക്സനി’ലുള്ളത്: ആറു സ്പീഡ് മാനുവലും അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ഗീയർബോക്സും. ഇന്ത്യയിൽ മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’യോടും ഫോഡ് ‘ഇകോസ്പോർട്ടി’നോടും മത്സരിക്കുന്ന ‘നെക്സൻ’ ഗ്ലോബൽ എൻ സി എ പി ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിങ്ങും സ്വന്തമാക്കിയിരുന്നു.