ട്രാഫിക് നിയമങ്ങൾ കർശനമാക്കി നടപ്പാക്കുന്ന രാജ്യത്തെ പൊലീസ് സേനകളിലൊന്നാണ് മുംബൈ പൊലീസ്. സെലിബ്രിറ്റികൾ ട്രാഫിക് നിയമം തെറ്റിക്കുന്നതിന്റെ വിഡിയോയോ ഫോട്ടോയോ സമൂഹമാധ്യമങ്ങളിൽ കണ്ടാൽ പോലൂം മുംബൈ പൊലീസ് അപ്പോൾ തന്നെ ചാടിവീഴും. ചിലപ്പോഴൊക്കെ ഫൈനും അടപ്പിക്കാറുണ്ട്. എന്നാൽ ദുൽഖർ സൽമാനെ ട്രാഫിക് നിയമം പഠിപ്പിക്കാനെത്തി പണി കിട്ടിരിക്കുകയാണ് പൊലീസിന്. ദുൽഖർ സൽമാൻ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിഡിയോ വൈറലായതോടെയാണ് മുംബൈ പൊലീസ് രംഗത്ത് എത്തിയത്. ഒപ്പമുണ്ടായിരുന്ന നടി സോനം കപൂറാണ് വിഡിയോ ട്വീറ്റ് ചെയ്തത്.
ഇത് വളരെ വിചിത്രമായി തോന്നുന്നുവെന്ന സോനത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്നും ഡ്രൈവിങിനിടയിൽ സാഹസികത പരിശീലിക്കുന്നതും മറ്റുളളവരുടെ ജീവിതം കൂടി അപകടത്തിൽ ആക്കുന്നു. തിരശീലയിലായാലും ജീവിതത്തിലായാലും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് മുംബൈ പൊലീസ് ട്വീറ്റ് െചയ്തത്. എന്നാൽ ഈ ട്വീറ്റിന് സോനത്തിന്റെ മറുപടി എത്തിയതോടെയാണ് കളി കൈവിട്ടുവെന്ന് മുംബൈ പോലീസിന് മനസിലായത്. ഞങ്ങൾ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങൾ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലും നിങ്ങൾ ഇതേ ആത്മാർത്ഥത കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.കരുതലിന് നന്ദി. സോനം ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ സൽമാൻ വേഷമിടുന്ന ദി സോയ ഫാക്ടർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗമായിരുന്നു മുംബൈ പൊലീസ് ട്വീറ്റ് ചെയ്ത വിഡിയോ. സോനം ട്വീറ്റ് ചെയ്ത വിഡിയോയിൽ ദുൽഖർ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈൽ ഉപയോഗിക്കുന്നതായിരുന്നു. ഈ ചിത്രീകരണം നടക്കുമ്പോൾ ഓടുന്ന ട്രക്കിനു മുകളിൽ നിർത്തിയിട്ടിരിക്കുകയാണ് ദുൽഖറും സോനവും ഇരിക്കുന്ന വാഹനം. എന്നാൽ കൈകൾ സ്റ്റീയിറിംഗിൽ പിടിച്ചിരുന്നില്ല. ഫോണിൽ ശ്രദ്ധിക്കുന്ന ദുൽഖറിനെ നോക്കി വിചിത്രമെന്ന് സോനം പറയുന്നത് വിഡിയോയിൽ വ്യക്തമായിരുന്നു.
വാസ്തവം അറിഞ്ഞ ശേഷമാണ് ട്വീറ്റ് ചെയ്തതെങ്കില്‍ അഭിനന്ദിക്കാമായിരുന്നുവെന്ന ഒളിയമ്പായിരുന്നു ദുല്‍ഖറിന്‍റെ മറുപടി. മുംബൈ പൊലീസിന്‍റെ അനുമതി വാങ്ങിയായിരുന്നു ഷൂട്ടിങ്. അവര്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നു. ആ ദൃശ്യങ്ങള്‍ വൈകാതെ ഞാന്‍ ട്വീറ്റ് ചെയ്യും– താരം കുറിച്ചു. ം ഡ്രൈവ് ചെയ്യാതെ ട്രക്കിലിരിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോയും ദുൽഖർ ട്വീറ്റ് ചെയ്തു.
ഇത് സിനിമാചിത്രീകരണത്തിന്റെ വിഡിയോ ആണെന്ന് പൊലീസ് അറിഞ്ഞിരുന്നില്ല. ദുൽഖർ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതല്ല ചിത്രീകരിച്ചതും. അബദ്ധം പോലീസ് തിരുത്തിയെങ്കിലും ട്രോളൻമാർ വിടാനുളള ഭാവമില്ല. എന്നാൽ പറഞ്ഞത് ആത്മാർത്ഥമായിരുന്നുവെന്നും തങ്ങളെ സംബന്ധിച്ച് ആരും സ്പെഷലല്ലെന്നും, എല്ലാവരുടെ കാര്യത്തിലും ഒരു കരുതൽ തന്നെയാണ് ഉളളതെന്നും, വിവാദ വിഡിയോവിൽ താരങ്ങളുടെ സുരക്ഷയിൽ പാളിച്ചകളില്ലാത്തതിൽ സന്തോഷമുണ്ടെന്നും മുംബൈ പോലീസ് റീ ട്വീറ്റ് ചെയ്തു.