Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസുക്കിയുടെ 2019 ഹയബൂസ ബുക്കിങ്ങിനു തുടക്കം

Suzuki-Hayabusa Suzuki Hayabusa

പുതിയ ഹയബൂസയ്ക്കുള്ള ബുക്കിങ് ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എം എസ് ഐ പി എൽ) സ്വീകരിച്ചു തുടങ്ങി. 2019 ഹയബൂസയുടെ ഷോറൂം വില 13.65 ലക്ഷം രൂപയായി തുടരുമെന്നാണു പ്രതീക്ഷ. ഒരു ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണ് സുസുക്കി 2019 ഹയബൂസയ്ക്കുള്ള ബുക്കിങ് സ്വീകരിക്കുന്നത്.  ചുവപ്പിനൊപ്പം ഗ്രേ, ഗ്രേയ്ക്കൊപപ്പം കറുപ്പ് എന്നീ പുത്തൻ വർണസങ്കലനങ്ങളിലും ‘2019 ഹയബൂസ’ വിൽപ്പനയ്ക്കുണ്ടാവും. ഇതിനപ്പുറം കാര്യമായ മാറ്റങ്ങളും പരിഷ്കാരങ്ങളുമൊന്നും 2019 ഹയബൂസയിലുണ്ടാവില്ലെന്നാണു സൂചന.

ബൈക്കിനു കരുത്തേകുക 1,340 സി സി, ഇൻലൈൻ, ഡി ഒ എച്ച് സി, ഫ്യുവൽ ഇഞ്ചക്റ്റഡ്, നാലു സിലിണ്ടർ എൻജിനാവും. 9,500 ആർ പി എമ്മിൽ 197 ബി എച്ച് പി വരെ കരുത്തും 7,200 ആർ പി എമ്മിൽ 115 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനാവും. വിദേശ നിർമിത കിറ്റ് ഇറക്കുമതി ചെയ്തു മനേസാറിലെ നിർമാണശാലയിൽ സംയോജിപ്പിച്ചാവും എസ് എം ഐ പി എൽ ‘2019 ഹയബൂസ’ വിൽപ്പനയ്ക്കെത്തിക്കുക. മണിക്കൂറിൽ 300 കിലോമീറ്റർ വേഗം കൈവരിച്ച ആദ്യ പ്രൊഡക്ഷൻ ബൈക്ക് എന്നതാണുസുസുക്കി ‘ഹയബൂസ’യുടെ പെരുമ. പിന്നീട് കാവസാക്കി നിൻജ സെഡ് എക്സ്-14 ആറു’മായുള്ള ധാരണപ്രകാരം വേഗം 299 കിലോമീറ്ററായി കുറയ്ക്കാനും സുസുക്കി സന്നദ്ധത കാട്ടിയിരുന്നു. 

വിൽപ്പനയ്ക്കെത്തി രണ്ടു പതിറ്റാണ്ടു പൂർത്തിയായ വേളയിൽ യൂറോപ്പിലെ ഹയബൂസ വിൽപ്പന അവസാനിപ്പിക്കാൻ സുസുക്കി തീരുമാനിച്ചിരുന്നു. 2016 ജനുവരിയിൽ പ്രാബല്യത്തിലെത്തിയ യൂറോപ്യൻ യൂണിയൻ നിബന്ധനകൾ പാലിക്കാൻ ബൈക്കിലെ യൂറോ നാല് നിലവാരമുള്ള എൻജിനു കഴിയാതെ വന്ന സാഹചര്യത്തിലായിരുന്നു ഇത്. പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ അനുവദിച്ച സമയപരിധി ഈ ഡിസംബറിൽ അവസാനിക്കുന്നതോടെയാണു യൂറോപ്പിനോട് ഹയബൂസ വിട പറയുന്നത്. ഇന്ത്യയിലും 2020ൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം നടപ്പാവുന്നതോടെ ഹയബൂസയുടെ ഈ തലമുറ പിൻവാങ്ങേണ്ടിവരും. 2022ൽ സുസുക്കി പുതുതലമുറ ‘ഹയബൂസ’ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. ബി എസ് ആറ് നിലവാരമുള്ള, ടർബോ ചാർജ്ഡ് എൻജിനോടെയെത്തുന്ന ഹയബൂസയിൽ പുത്തൻ ഷാസിയും രൂപകൽപ്പനയുമൊക്കെയുണ്ടാവുമെന്നാണു സൂചന.