ചുക്കില്ലാത്ത കാപ്പിയില്ല എന്നു പറയുന്നത് പോലെയാണ് മലയാള സിനിമയ്ക്ക് ഇപ്പോൾ ഹരീഷ് കണാരൻ എന്ന കോഴിക്കോട്ടുകാരൻ. ജാലിയൻ കണാരൻ എന്ന കോമഡി കഥാപാത്രം കൊണ്ട് ഹരീഷ് മലയാളിയുടെ ഇഷ്ടതാരമായി മാറി. മിമിക്രി വേദികളിൽ നിന്നു സിനിമയിലെത്തി തനതുകോഴിക്കോടൻ ശൈലികൊണ്ട് പ്രേക്ഷകമനസിൽ ഇടംനേടിയ ഹരീഷ് കണാരന് കൂട്ടായ് ജീപ്പ് കോംപസ്. കോംപസിന്റെ ലിമിറ്റഡ് വകഭേദമാണ് കൊച്ചിയിലെ ജീപ്പ് ഡീലർഷിപ്പായ പിനാക്കിളിൽ നിന്ന് താരം സ്വന്തമാക്കിയത്.
ജീപ്പിന്റെ സുരക്ഷയും സൗകര്യങ്ങളും
ജീപ്പ് കോംപസിന്റെ സുരക്ഷയും സൗകര്യങ്ങളുമാണ് ഈ വാഹനത്തിൽ കൊണ്ടെത്തിച്ചത്, സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ചൊരു വാഹനമാണ് ജീപ്പ്, കാണാനും അടിപൊളി ഹരീഷ് കണാരൻ പറയുന്നു. ആദ്യമായിട്ടാണ് ഒരു എസ്‌യുവി വാങ്ങുന്നത്. മാരുതി സെന്നും, ഫോക്‌സ്‌വാഗനൻ പോളോയുമാണ് കോംപസിനെ കൂടാതെ സ്വന്തമായുള്ളത്.
ജീപ്പിന്റെ ചെറു എസ്‌യുവി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.
മലയാള സിനിമ ലോകത്തെ ഇഷ്ട എസ്‌യുവിയായി മാറുകയാണ് ജീപ്പ്. നേരത്തെ ബിജുകുട്ടനും പ്രയാഗ മാർട്ടിനും ശ്രീനിവാസനും ഉണ്ണിമുകുന്ദനും നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ മിഥുൻ മാനുവലും ജീപ്പിന്റെ ഈ ചെറു എസ്‌യുവി സ്വന്തമാക്കിയിരുന്നു. സ്പോർട്സ്, ലോഞ്ചിട്ട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലെസ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന കോംപസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 15.47 ലക്ഷത്തിലാണ്.