മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ പുത്തൻ അവതരണമായ എക്സ്‌യുവി 300 കോംപാക്ട് എസ് യു വിയുടെ വില സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി 15നു പ്രതീക്ഷിക്കാം. വിലയെക്കുറിച്ചു സൂചന ലഭിക്കുംമുമ്പുതന്നെ രാജ്യത്തെ മഹീന്ദ്ര ഡീലർഷിപ്പുകൾ എക്സ് യു വി 300 ബുക്കിങ്ങുകൾ അനൗപചാരികമായി ഏറ്റെടുത്തു തുടങ്ങിയിരുന്നു. മഹീന്ദ്രയുടെ ഉപസ്ഥാപനമാവും ദക്ഷിണ കൊറിയൻ നിർമാതാക്കളുമായ സാങ്യങ്ങിന്റെ ടിവോളി പ്ലാറ്റ്ഫോം ആധാരമാക്കിയാണ് എക്സ് യു വി 300 സാക്ഷാത്കരിച്ചിരിക്കുന്നത്; ബോഡി ഘടകങ്ങളും രൂപകൽപ്പനയുമെല്ലാം ടിവോളിയിൽ നിന്നു കടമെടുത്തതാണ്. അതേസമയം ഇന്ത്യൻ സാഹചര്യങ്ങൾക്കായി എസ് യു വിയുടെ സസ്പെൻഷൻ മഹീന്ദ്ര പരിഷ്കരിച്ചിട്ടുണ്ട്.
എം പി വിയായ മരാസൊയിൽ അരങ്ങേറിയ 1.5 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനാവും എക്സ് യു വി 300 എസ് യു വിക്കും കരുത്തേകുകയെന്നാണു സൂചന. ‘മരാസൊ’യിൽ 123 ബി എച്ച് പിയോളം കരുത്തും 300 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എക്സ് യു വി 300 എസ് യു വിയിലെത്തുമ്പോൾ എൻജിനിലിൽ മഹീന്ദ്ര പരിഷ്കാരം നടത്തുമോ എന്നു വ്യക്തമല്ല.
സൺറൂഫിന്റെ സാന്നിധ്യമാവും മഹീന്ദ്രയുടെ ഈ പുത്തൻ കോംപാക്ട് എസ് യു വിയുടെ പ്രധാന സവിശേഷത. അകത്തളത്തിൽ ടച് സ്ക്രീൻ, ക്രൂസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗ്, പിൻ ഡിസ്ക് ബ്രേക്ക്, എ ബി എസ്, ഇ എസ് പി തുടങ്ങിയവയുണ്ടാവും. വില സംബന്ധിച്ചു കൃത്യമായ സൂചനകളില്ലെങ്കിലും വിവിധ വകഭേദങ്ങൾക്ക് 7.5 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.
എക്സ് യു വി 300 കോംപാക്ട് എസ് യു വിക്കുള്ള ബുക്കിങ്ങുകൾ മുംബൈയിലെയും പുണൈയിലെയും ഗുജറാത്തിലെയുമൊക്കെ ഡീലർമാരാണ് ഏറ്റെടുത്തു തുടങ്ങിയത്. മുംബൈയിൽ 10,000 രൂപയും മറ്റിടങ്ങളിൽ 11,000 രൂപയുമാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്. ഫെബ്രുവരി മധ്യത്തോടെ പുത്തൻ എക്സ് യു വി 300 കൈമാറാമെന്നാണു ഡീലർമാരുടെ വാഗ്ദാനം; ബുക്കിങ് റദ്ദാക്കുന്ന പക്ഷം അഡ്വാൻസ് മടക്കി നൽകാനും ഡീലർമാർ തയാറാണ്.