മോട്ടോർ സൈക്കിളുകളിൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്) ഘടിപ്പിക്കുന്ന നടപടികൾക്കു റോയൽ എൻഫീൽഡ് കഴിഞ്ഞ ഓഗസ്റ്റിൽ തുടക്കമിട്ടതാണ്. അടുത്ത ഏപ്രിൽ ഒന്നു മുതൽ 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് എ ബി എസ് നിർബന്ധമാക്കുന്ന സാഹചര്യത്തിൽ ക്ലാസിക് 350 റെഡ്ഡിച്ചിലാണ് ഇപ്പോൾ റോയൽ എൻഫീൽഡ് ഈ സുരക്ഷാ സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്.
ഇരട്ട ചാനൽ എ ബി എസ് എത്തിയതോടെ ക്ലാസിക് 350 റെഡ്ഡിച് വിലയിൽ 6,000 രൂപയുടെ വർധനയും നടപ്പായി. ഇതോടെ ബൈക്കിന്റെ ഷോറൂം വില 1,52,900 രൂപയായി ഉയർന്നു; ബൈക്ക് നിരത്തിലെത്തുന്നതോടെ വില 1,74,400 രൂപയുമാവും. ഇതുവരെ 1,47,464 രൂപയായിരുന്നു ബൈക്കിന്റെ ഷോറൂം വില.
ക്ലാസിക് 350 ശ്രേണിയിലെ 346 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ് കരുത്തേകുന്നത്. 5,250 ആർ പി എമ്മിൽ 19.8 ബി എച്ച് പി കരുത്തും 4,000 ആർ പി എമ്മിൽ 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 1950കളിൽ യു കെയിലെ റെഡ്ഡിച് ഫാക്ടറിയിൽ നിർമിച്ചിരുന്ന മോഡലുകളിൽ നിന്നു പ്രചോദിതമായ മൂന്നു നിറങ്ങളിലാണു ബൈക്ക് വിൽപ്പനയ്ക്കുള്ളത്. ക്ലാസിക് 350 റെഡ്ഡിച് കൂടിയായതോടെ റോയൽ എൻഫീൽഡ് ശ്രേണിയിലെ മിക്കവാറും ബൈക്കുകളിൽ എ ബി എസ് ഇടംപിടിച്ചു കഴിഞ്ഞു. സാധാരണ നിറമുള്ള ‘350 ക്ലാസിക്കി’ലും ബുള്ളറ്റ് ശ്രേണിയിലും മാത്രമാണിനി എ ബി എസ് ഘടിപ്പിക്കാനുള്ളത്.