കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യൻ കാർ വിപണിയിൽ പുത്തൻ പ്രതിച്ഛായ കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണു ടാറ്റ മോട്ടോഴ്സ്. 2016 ഓഗസ്റ്റിൽ ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ അവതരണത്തോടെയായിരുന്നു കമ്പനിയുടെ പുതിയ മുഖം അനാവൃതമായി തുടങ്ങിയത്. ടാക്സി ഉപയോഗത്തിനുള്ള കാറുകളുടെ നിർമാതാക്കളെന്ന മുൻവിധിയിൽ നിന്നു പുറത്തുകടക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായിരുന്നു ‘ടിയാഗൊ’.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഏഴോ എട്ടോ പുതിയ മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനിയുടെ തയാറെടുപ്പ്; ഇതോടെ ഇന്ത്യൻ കാർ വിപണിയിൽ 90% വിഭാഗങ്ങളിലും ടാറ്റ മോട്ടോഴ്സിനു സാന്നിധ്യമാവും. ‘ഒമെഗ’, ‘ആൽഫ’ എന്നീ പ്ലാറ്റ്ഫോമുകൾ അടിത്തറയാക്കിയാവും കമ്പനിയുടെ ഈ മുന്നേറ്റം; പ്ലാറ്റ്ഫോം പരിമിതപ്പെടുത്തി കൂടുതൽ മോഡലുകൾ അവതരിപ്പിക്കുന്നതു ടാറ്റ മോട്ടോഴ്സിനു സാമ്പത്തികമായ നേട്ടവും സമ്മാനിക്കും.
ഗുണമേന്മയുടെയും ഫിനിഷിന്റെയുമൊക്കെ പേരിൽ ഏറെ പഴി കേട്ടിരുന്ന ടാറ്റ മോട്ടോഴ്സിനു ‘ടിയാഗൊ’യും ‘നെക്സനു’മൊക്കെ പുതിയ പ്രതിച്ഛായയാണു നേടിക്കൊടുത്തത്. ടാറ്റ മോട്ടോഴ്സിന്റെ പരീക്ഷണം വിജയിച്ചതോടെ ‘ടിയാഗൊ’യ്ക്കും ‘നെക്സ’നുമൊക്കെ ആവശ്യക്കാരുമേറി. യാത്രാവാഹന ബിസിനസ് കാര്യക്ഷമവും വിജയകരവുമാക്കാൻ ‘ടേൺ എറൗണ്ട് 2.0’ പദ്ധതിയുമായി കൂടുതൽ ഊർജിതമായി മുന്നേറാനുള്ള നീക്കത്തിലാണു ടാറ്റ മോട്ടോഴ്സ്.
‘ഒമെഗ’ പ്ലാറ്റ്ഫോം അടിത്തറയാക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹാരിയർ’ ആവും ടാറ്റയുടെ പുതിയ മോഡൽ ശ്രേണിയിലെ ആദ്യ അവതരണം. ‘45 എക്സ്’ എന്ന കോഡ് നാമത്തിൽ വികസനഘട്ടത്തിലുള്ളപ്രീമിയം ഹാച്ച്ബാക്ക് അടുത്ത വർഷമെത്തും. വരുംവർഷങ്ങളിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരാൻ ആഗ്രഹിക്കുന്ന ‘ഇംപാക്ട് 2.0’ ഡിസൈൻ ശൈലിയും ‘ഹാരിയറി’ലൂടെ അനാവരണം ചെയ്യപ്പെടും.
മോഡൽ അവതരണങ്ങൾക്കൊപ്പം വിപണന ശൃംഖല വിപുലീകരിക്കാനും ടാറ്റ മോട്ടോഴ്സിനു പദ്ധതിയുണ്ട്. 20 പ്രമുഖ വിപണികളിലായി 27 പുത്തൻ ഡീലർഷിപ്പുകളാണു കമ്പനി അടുത്തയിടെ ആരംഭിച്ചത്. രാജസ്ഥാനിലാവട്ടെ ഒറ്റ ദിവസം ആറു ഡീലർഷിപ്പുകളാണു ടാറ്റ മോട്ടോഴ്സ് തുറന്നത്. വൈകാതെ 17 പുതിയ ഡീലർഷിപ്പുകൾ കൂടി തുറക്കാനും ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിട്ടിട്ടുണ്ട്.