Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ വിമാനയാത്ര സുരക്ഷിതമല്ല?

Airbus-A320neo Representative image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഗതാഗതമാർഗമാണ് വിമാനങ്ങൾ. മറ്റു ഗതാഗത മാർഗങ്ങളിലുണ്ടാകുന്ന അപകടങ്ങളെ താരമത്യപ്പെടുത്തുമ്പോൾ വ്യോമയാന മേഖലയിൽ വളരെ കുറച്ച് അപടങ്ങൾ മാത്രമേ സംഭവിക്കാറുള്ളൂ. കർശന നിയമങ്ങൾ തന്നെയാണ് ആകാശയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നത്. എന്നാൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന മേഖലയായ ഇന്ത്യയിലെ വിമാന യാത്രകൾ സുരക്ഷിതമാണോ? അല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിമാനത്തിലെ ജീവനക്കാർ തന്നെ വലിയ സുരക്ഷ വീഴ്ചകളാണ് വരുത്തുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഡയറക്റ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 422 വിമാന ജീവനക്കാരാണ് കഴിഞ്ഞ വർഷം അച്ചടക്ക നടപടികൾ നേരിട്ടത്. മുൻവർഷത്തെക്കാൾ 54 ശതമാനം കൂടുതൽ, 2015 ൽ 275 വിമാന ജീവനക്കാര്‍‌ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. രക്തത്തിൽ അനുവദിച്ച അളവിനെക്കാൾ കൂടുതൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതിനെതുടർന്നും അനുവദനീയമായ സമയത്തിൽ അധികം ജോലി ചെയ്തതിനുമാണ് ജീവനക്കാർ അച്ചടക്ക നടപടികൾ നേരിട്ടത്. 272 ജീവനക്കാരെ എട്ട് ആഴ്ച സസ്പെന്റ് ചെയ്തപ്പോൾ 42 പൈലറ്റുമാറെ പറക്കലിൽ നിന്ന് മാറ്റി നിർത്തുകയും 108 പേരെ ശാസിക്കുകയും ചെയ്തു. പോസ്റ്റ് ഫ്ലൈറ്റ് ബെർത്ത് അനലൈസർ ടെസ്റ്റിലാണ് ഒട്ടുമിക്ക ജീവനക്കാരും കുടുങ്ങിയതെന്ന് ഡിജിസിഎ പറയുന്നു.

അച്ചടക്ക നടപടിയിൽ ജെറ്റ് എയർവെയ്സാണ് മുന്നിട്ടു നിൽക്കുന്നത് (116). രണ്ടാം സ്ഥാനത്ത് സ്പൈസ് ജെറ്റും (101) മൂന്നാം സ്ഥാനത്ത് എയർഇന്ത്യയും (66), നാലാം സ്ഥാനത്ത് ഇൻഡിഗോയുമാണ് (55). ഇതിനുമുമ്പ് 2012 ൽ സുരക്ഷ മാനദണ്ഡങ്ങളില്‍ വരുത്തുന്ന വീഴ്ചയെ തുടർന്ന് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഇന്ത്യയെ ഏറ്റവും മോശം സുരക്ഷയുള്ള 13 രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2014 ൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പുതിയ സർവീസ് തുടങ്ങുന്നതിൽ നിന്നും യുഎസ് വിമാന കമ്പനികളുമായി സഹകരിക്കുന്നതില്‍ നിന്നും ഇന്ത്യൻ വിമാനകമ്പനികളെ 15 മാസത്തേക്ക് വിലക്കിയിരുന്നു.

Your Rating: