കള്ളപ്പണത്തേയും കള്ളനോട്ടിനേയും നിയന്ത്രിക്കാൻ ആയിരത്തിന്റേയും അഞ്ചൂറിന്റേയും നോട്ടുകൾ നിർത്തലാക്കിയ നടപടികളെ അനുകൂലിച്ചും വിമർശിച്ചുമുള്ള പ്രതികരങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പുതിയ നോട്ടുകൾ അച്ചടിച്ചെങ്കിലും അവ പൊതുജനങ്ങളിലേക്ക് കൂടുതലായി എത്തുന്നില്ലെന്നെ പരാതി പരക്കെയുണ്ട്. എന്നാൽ കൂടുതൽ നോട്ടുകൾ എത്തിക്കാൻ ഇന്ത്യൻ എയർഫോഴ്സിന്റെ സഹായം തേടിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യൻ എയർഫോഴ്സിന്റെ മി-17 ഹെലികോപ്റ്ററും സി-17 ഗ്ലോബ്മാസ്റ്റർ വിമാനവുമായി ആർബിഐയിൽ നിന്നും വിവിധ സെന്ററുകളിലേക്കും ആർബിഐയുടെ സോണൽ ഓഫീസുകളിലേക്കും നോട്ടുകൾ എത്തിക്കാൻ ഉപയോഗിക്കുക. ഝാർഖണ്ഡിലേക്ക് കഴിഞ്ഞ ദിവസം നോട്ടുകളെത്തിച്ച് മി-17 ഹിലികോപ്റ്ററുകളിലാണെന്ന് വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. എന്തുകൊണ്ടാണ് മി 17 ഹെലികോപ്റ്ററും സി-17 ഗ്ലോബ്മാസ്റ്റർ വിമാനവും ഉപയോഗിക്കുന്നത്.
മി- 17, ഇന്ത്യയുടെ വിശ്വസ്തൻ
എക്കാലത്തും ഇന്ത്യൻ സേനയുടെ വിശ്വസ്തനായ ഹെലികോപ്റ്ററാണ് റഷ്യൻ നിർമിത മി-17. കാർഗിൽ യുദ്ധത്തിലും, നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരിൽ (പിഒകെ) ഭീകരരുടെ ഇടത്താവളങ്ങളിൽ ആക്രമണം നടത്താൻ കമാൻഡോകളെ ഏറെ സഹായിച്ചതും മി–17 ഹെലികോപ്റ്ററുകളായിരുന്നു. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ പറന്ന് ഏകദേശം 1065 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഹെലികോപ്റ്ററിന് കഴിയും.
സൈനികരെ എത്തിക്കാനും ചരക്കു കടത്തിനും മി–17 ഉപയോഗിക്കുന്നു. റഷ്യയിലെ കസാൻ ഹെലികോപ്റ്റേർ പ്ലാന്റിലാണ് മി–17 നിർമിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നാണ് മി–17. ആയുധക്കടത്ത്, എസ്കോര്‍ട്ട്, പട്രോളിങ്, തിരച്ചിലും രക്ഷപ്പെടുത്തലും, തീയണക്കൽ എന്നീ ദൗത്യങ്ങൾക്കും മി–17 ഉപയോഗിക്കുന്നു. റഷ്യയിൽ നിന്ന് 48 മി-17 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങിയത്. മ്യാൻമറിൽ കടന്നു ഭീകരരെ വധിക്കാൻ സേനയെ സഹായിച്ചതും മി–17 ഹെലികോപ്റ്ററുകളായിരുന്നു. മി–17 ആദ്യമായി പുറത്തിറങ്ങുന്നത് 1975 ലാണ്. റഷ്യക്ക് പുറമെ അറുപതോളം രാജ്യങ്ങൾ ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നു. ഏകദേശം 12,000 മി–17 കോപ്റ്ററുകൾ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 18 മീറ്റർ നീളമുള്ള മി–17 ന്റെ ചിറകിന്റെ നീളം 21 മീറ്ററാണ്. ടർബോഷാഫ്റ്റ് എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
സി-17 ഗ്ലോബ്മാസ്റ്റർ
അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ഹെവിലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് സി-17. 2010 ലാണ് ഈ വിമാനം ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമാകുന്നത്. സൈനിക ആവശ്യത്തിനുള്ള ചരക്കുകൾ കടത്താനും രക്ഷാപ്രവർത്തനത്തിനുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള മികവാണ് സി-17നെ ലോകരാജ്യ സൈനിക ശക്തികളുടെ പ്രിയ വിമാനമാക്കി മാറ്റുന്നത്. ഇന്ത്യൻ എയർഫോഴ്സിന്റെ ഹിമാലയൻ ബെയ്സിൽ സി-17 നെ ഉപയോഗിക്കുന്നുണ്ട്. 128,100 കിലോഗ്രാം ഭാരവുള്ള ഈ വിമാനത്തിന് 26,350 കിലോഗ്രാം ഭാരം വഹിച്ചു വരെ പറന്നുയരാനാവും. മണിക്കൂറിൽ 829 കിലോമീറ്ററാണ് വേഗത. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം രാജ്യത്തിനകത്തും പുറത്തും ട്രാൻസ്പോർട് ചെയ്യാൻ ഉപയോഗിക്കുന്നത് സി-17 എന്ന ഈ വിമാനമാണ്.