‘പുകമറ’ വിവാദത്തിൽപെട്ട ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ എ ജിക്കെതിരെ ഇന്ത്യയിലും അന്വേഷണം തുടങ്ങി. ഡീസൽ എൻജിനുകളെ മലിനീകരണ നിയന്ത്രണ പരിശോധനയിൽ വിജയിപ്പിക്കാൻ സോഫ്റ്റ്വെയറിന്റെ സഹായം തേടിയിട്ടുണ്ടോ എന്നാണു കേന്ദ്ര സർക്കാർ നിർദേശപ്രകാരം ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) അന്വേഷിക്കുന്നത്.
പ്രശ്നത്തിൽ ഫോക്സ്വാഗനിൽ നിന്നു വിശദീകരണം ആവശ്യപ്പെട്ടതായി എ ആർ എ ഐ ഡയറക്ടർ രശ്മി ഉർധവർഷെ അറിയിച്ചു. കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാവും അസോസിയേഷന്റെ പ്രവർത്തനമെന്നും ഫോക്സ്വാഗൻ നിർമിച്ചു വിറ്റ കാറുകളുടെ സാംപിളുകൾ തിരഞ്ഞെടുത്ത് പരിശോധന നടത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അവർ അറിയിച്ചു. അതേസമയം വിഷയത്തോടു പ്രതികരിക്കാൻ ഫോക്സ്വാഗൻ ഇന്ത്യ വിസമ്മതിച്ചു. അന്വേഷണം തുടരുകയാണെന്നു മാത്രമായിരുന്നു കമ്പനിയുടെ വിശദീകരണം.
യു എസിലെ പോലെ ഇന്ത്യയിലും മലിനീകരണ നിയന്ത്രണം വിലയിരുത്തുന്ന ഘട്ടത്തിൽ ഫോക്സ്വാഗൻ കൃത്രിമം കാട്ടിയോ എന്ന് അന്വേഷിക്കാൻ എ ആർ എ ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്ര ഘന വ്യവസായ സെക്രട്ടറി രാജൻ കടോച്ചാണു നേരത്തെ പ്രഖ്യാപിച്ചത്. സോഫ്റ്റ്വെയർ സഹായത്തോടെ മലിനീകരണ നിയന്ത്രണ വിവരങ്ങളിൽ തിരിമറി കാട്ടിയതിനു യു എസിൽ ഫോക്സ്വാഗൻ 1800 കോടി ഡോളറി(ഏകദേശം 1.19 ലക്ഷം കോടി രൂപ)ന്റെ പിഴശിക്ഷ നേരിടുകയാണ്. മലിനീകരണ നിയന്ത്രണ പരിശോധനയെ മറികടക്കാൻ സഹായിക്കുന്ന പ്രത്യേക സോഫ്റ്റ്വെയർ ലോകവ്യാപകമായി 1.10 കോടി കാറുകളിൽ ഉപയോഗിച്ചിരുന്നെന്നു ഫോക്സ്വാഗൻ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ ഏറ്റുപറച്ചിലോടെ യു എസിനു പുറമെ ദക്ഷിണ കൊറിയ, ഫ്രാൻസ്, ഇറ്റലി, കാനഡ, ജർമനി, യു കെ തുടങ്ങിയ രാജ്യങ്ങളും കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയയാവട്ടെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന നിലപാടിലാണ്. തട്ടിപ്പു പുറത്തായതോടെ ഫോക്സ്വാഗൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയിരുന്ന മാർട്ടിൻ വിന്റർകോൺ സ്ഥാനമൊഴിയാനും നിർബന്ധിതനായി.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്വാഗനെതിരെ യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ)യാണു കഴിഞ്ഞ ആഴ്ച ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. യാഥാർഥ്യം മറച്ചു വച്ച് മലിനീകരണത്തോത് കുറച്ചു കാണിക്കുന്ന പ്രത്യേകതരം സോഫ്റ്റ്വെയർ സംവിധാനമുള്ള അഞ്ചു ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിക്കണമെന്നായിരുന്നു ഇ പി എയുടെ നിർദേശം. മലിനീകരണ നിലവാരം പരിശോധിക്കുന്ന വേള തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്വെയർ കാറുകൾ സൃഷ്ടിക്കുന്ന യഥാർഥ മലിനീകരണ അളവുകൾ മറയ്ക്കുന്നെന്നാണ് ആക്ഷേപം. യു എസിൽ വിറ്റ ഡീസൽ എൻജിനുള്ള കാറുകൾ സൃഷ്ടിക്കുന്ന യഥാർഥ മലിനീകരണം അനുവദനീയ പരിധിയുടെ 40 ഇരട്ടിയോളമാണെന്നും ഇ പി എ കണ്ടെത്തിയിരുന്നു.