‘ജിപ്സി’യെ കൈവിടാതെ കരസേന; വാങ്ങുന്നത് 2,071 എണ്ണം

വാർധക്യത്തിലേക്കു നീങ്ങുമ്പോഴും പഴയ പോരാളിയായ മാരുതി സുസുക്കി ‘ജിപ്സി’യെ പൂർണമായും കൈവിടാനില്ലെന്നു കരസേന. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ മഹീന്ദ്ര ‘സ്കോർപിയോ’, ടാറ്റ ‘സഫാരി’ എന്നിവ സ്വീകാര്യമാണെന്നു വ്യക്തമായ ശേഷവും ‘ജിപ്സി’യെ പൂർണമായും തഴയാനില്ലെന്ന നിലപാടിലാണു സേന. അതുകൊണ്ടുതന്നെ മാരുതി സുസുക്കിയിൽ നിന്ന് 2,071 ‘ജിപ്സി’ കൂടി വാങ്ങാൻ സൈന്യം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ നിർവചനപ്രകാരം പരമാവധി 500 കിലോഗ്രാം വരെ കയറ്റാവുന്ന വാഹനങ്ങൾ ഉൾപ്പെട്ട ‘ജി എസ് 500’ വിഭാഗത്തിൽപെടുത്തി പുതിയ ‘ജിപ്സി’കൾക്കുള്ള ഓർഡർ കഴിഞ്ഞ ആഴ്ചയാണു കരസേന മാരുതി സുസുക്കിക്കു കൈമാറിയത്. ഏതാനും മാസത്തിനുള്ളിൽ മാരുതി സുസുക്കി പുതിയ വാഹനങ്ങൾ നിർമിച്ചു നൽകുകയും ചെയ്യും. ഓരോ ‘ജിപ്സി’ക്കും ആറു ലക്ഷം രൂപ നിരക്കിൽ കണക്കാക്കിയാൽ പോലും 125 കോടിയോളം രൂപയുടെ കരാറാണു സൈന്യത്തിൽ നിന്നു മാരുതിക്കു ലഭിച്ചത്.

കരസേനയ്ക്ക് 4,141 ‘ജിപ്സി’ നൽകാനുള്ള കരാർ ലഭിച്ചതായി കഴിഞ്ഞ ഡിസംബറിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള ഓർഡറാണു സൈന്യം ഇപ്പോൾ കമ്പനിക്കു കൈമാറിയതെന്നാണു സൂചന. ഭാവിയിലും സൈനിക ആവശ്യത്തിനു കൂടുതൽ ‘ജിപ്സി’ നിർമിച്ചു നൽകാനുള്ള ഓർഡർ ലഭിക്കുമെന്നാണു മാരുതിയുടെ പ്രതീക്ഷ.

മൂന്നു പതിറ്റാണ്ടു മുമ്പ് 1985ലാണ് എസ് യു വി വിഭാഗത്തിൽ മാരുതി സുസുക്കി ‘ജിപ്സി’ പുറത്തിറക്കിയത്. എന്നാൽ ഡീസൽ എൻജിനുള്ള എസ് യു വികളുടെ കുത്തൊഴുക്കിൽ പെട്രോളിൽ ഓടുന്ന ‘ജിപ്സി’ക്ക് അടിപതറിയെങ്കിലും സൈനിക വിഭാഗങ്ങൾ മാത്രം വാഹനത്തെ കൈവിട്ടില്ല. കരസേനയെ സംബന്ധിച്ചിടത്തോളം വർഷങ്ങളായി ‘ജിപ്സി’യാണ് അവരുടെ ഇഷ്ട വാഹനം.

സൈനിക ഉപകരണനീക്കത്തിനായി പിന്നിൽ പ്രത്യേക ഹുക്ക് പോലുള്ള സവിശേഷ അനുബന്ധ സൗകര്യങ്ങൾ സഹിതമാണു മാരുതി സുസുക്കി കരസേനയ്ക്കുള്ള ‘ജിപ്സി’ നിർമിക്കുന്നത്. നഗരവീഥികൾക്കു പുറമെ പർവത മേഖലകളിലും മരുഭൂമിയിലുമൊക്കെ സേന ‘ജിപ്സി’ ഉപയോഗിക്കുന്നുണ്ട്.

പ്രതിരോധ സേനകളും അർധ സൈനിക വിഭാഗങ്ങളുമൊക്കെ പതിറ്റാണ്ടുകളായി ‘ജിപ്സി’ വാങ്ങുന്നുണ്ട്. 1991 മുതലുള്ള കാലത്തിനിടെ കരസേന തന്നെ മുപ്പത്തി അയ്യായിരത്തിലേറെ ‘ജിപ്സി’ വാങ്ങിയിട്ടുണ്ടെന്നാണു കണക്ക്. കഴിഞ്ഞ വർഷം അവസാനം ലഭിച്ച 4,141 വാഹനങ്ങൾക്കുള്ള ഓർഡറാവട്ടെ ‘ജിപ്സി’ക്കു ലഭിക്കുന്ന ഏറ്റവും വലിയ, ഒറ്റ ഓർഡറുമായിരുന്നു.

‘ജി എസ് 500’ വിഭാഗത്തിലാവട്ടെ കഴിഞ്ഞ ദശാബ്ദത്തിൽ ‘ജിപ്സി’യുടെ ഏകാധിപത്യവുമായിരുന്നു. അങ്ങനെയാണ് ആയിരക്കണക്കിനു ‘ജിപ്സി’ സൈനിക സേവനത്തിൽ പ്രവേശിച്ചത്. ഇവയെ പിൻവലിക്കാനോ ഒഴിവാക്കാനോ തൽക്കാലം നീക്കമൊന്നുമില്ലെന്നാണു സൂചന.

അതിനിടെ 800 കിലോഗ്രാം ഭാരം വഹിക്കാവുന്ന വാഹനങ്ങൾക്കായി സർക്കാർ ‘ജി എസ് 800’ എന്ന പുതിയ വിഭാഗവും സൃഷ്ടിച്ചിരുന്നു. അപ്പോഴും ‘ജി എസ് 500’ എന്ന വിഭാഗം നിർത്തലാക്കുമോയെന്ന് കരസേനയോ സർക്കാരോ വ്യക്തമാക്കിയില്ല. അതുകൊണ്ടുതന്നെ ‘ജി എസ് 500’ വിഭാഗവും ‘ജിപ്സി’യും തുടർന്നേക്കുമെന്നാണു വിലയിരുത്തൽ.

എയർ കണ്ടീഷനിങ് പോലുള്ള സൗകര്യങ്ങൾ സഹിതമാണ് സേന ‘ജി എസ് 800’ വിഭാഗത്തിൽ പുതിയ എസ് യു വി തേടുന്നത്. ഇതിനായി നടത്തിയ വിലയിരുത്തലിൽ ടാറ്റ ‘സഫാരി’യും മഹീന്ദ്ര ‘സ്കോർപിയോ’യും വിജയിക്കുകയും ചെയ്തു. ഈ വിഭാഗത്തിൽ 3,200 വാഹനം വാങ്ങാനുള്ള ടെൻഡർ നടപടി വൈകാതെ ആരംഭിക്കുമെന്നാണു പ്രതീക്ഷ.