ഭാരം വഹിച്ചുകൊണ്ടു പോകാനായി നിർമിച്ചവയാണ് ട്രക്കുകൾ. പല വലുപ്പത്തിലും പല രൂപത്തിലുമുള്ള ട്രക്കുകളുടെ ലോകത്തേക്ക് ഏറ്റവും മികച്ചത് എന്ന ലേബലുമായി എത്തിയിരിക്കുന്ന റഷ്യന്‍ നിർമിത ഷിർപ്. ട്രക്കെന്നോ അതോ എടിവിയെന്നോ വിളിക്കാവുന്ന ഈ വാഹനം നിർമിച്ചത് റഷ്യൻ സ്വദേശി അലക്സി ഗാർഗ്യാഷ്യനാണ്.
ചെറിയ രൂപവും വലിയ ടയറുകളുമുള്ള ഈ ട്രക്കിനെ ഏതു പ്രതലത്തിലൂടെയും ഓടിക്കാമെന്നാണ് അലക്സി അവകാശപ്പെടുന്നത്. മഞ്ഞിനു മുകളിലൂടെയും വെള്ളത്തിലൂടെയും റോഡിലൂടെയും ഷിർപിന് സഞ്ചരിക്കാനാവും. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിന്റെ വായു നിറച്ച ബലൂൺ പോലിരിക്കുന്ന 63 ഇഞ്ച് പൊക്കമുള്ള ടയറുകളാണ് ഉപയോഗിക്കുന്നത്. ടയറുകളുടെ പ്രത്യേകത തന്നെയാണ് ഇവനെ ഏത് പ്രതലത്തിലൂടെയും സഞ്ചരിക്കാൻ പ്രാപ്തനാക്കുന്നത്.
1.5 ലിറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 44 ബിഎച്ച്പി കരുത്തുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന വാഹനത്തിന് 45 കിലോമീറ്റർ വേഗതയിൽ കരയിലൂടെയും 6 കിമീ വേഗതയിൽ െവള്ളത്തിലൂടെയും സഞ്ചരിക്കാനാവും. 1300 കിലോഗ്രാമാണ് ഈ കുഞ്ഞന്റെ ഭാരം. രണ്ട് അടിയാണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്രിയറൻസ്. കൂടാതെ 1000 കിലോഗ്രം വരെ ഭാരം വഹിക്കാനും ഈ വാഹനത്തിന് കഴിയും.