ഇരുപത് മീറ്റർ നീളം, ഒമ്പതു മീറ്റർ ഉയരം, പത്തു മീറ്റർ വീതി, 450 ടൺ ലോഡ് കപ്പാസിറ്റി, എന്താണ് ഈ പറഞ്ഞുവരുന്നത് എന്നല്ലേ? എങ്കിൽ കേട്ടോളു ലോകത്തിലെ ഏറ്റവും വലിയ ട്രക്കിന്റെ നീളവും വീതിയും ലോഡ് കപ്പാസിറ്റിയുമാണിത്. നമ്മുടെ നാട്ടിലെ 50 ടിപ്പർ ലോറി വഹിക്കുന്ന ലോഡ് ഇവൻ ഒറ്റയടിക്ക് വലിക്കും.
ബെലാറുസ്യന്‍ ഹെവി ട്രക്ക് നിർമ്മാണ കമ്പനി ബെലാസാണ് ഈ ഭീകരൻ ട്രക്കിന്റെ നിർമ്മാതാക്കൾ. ബെലാസ് 75710 എന്ന ഇവൻ 2013 പുറത്തിറങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ട്രക്ക് എന്ന് അഹങ്കരിച്ചിരുന്ന ലൈബിഹിർ ടി 282 ബി, കാറ്റർപില്ലർ 797 ബി എന്നിവരെല്ലാം നിശബ്ദരായി. മൂന്നു വർഷത്തിനു ശേഷവും ലോകത്തിലെ ഏറ്റവും അധികം ലോഡ് വഹിക്കുന്ന ട്രക്ക് എന്ന പേര് ഇവന് മാത്രം സ്വന്തമാണ്. ഈ ട്രക്കിനെ ആദരിക്കാൻ ബെലാറുഷ്യ, ബെലാസ് 75710 ന്റെ ചിത്രം വെച്ച് സ്റ്റാമ്പ് വരെ പുറത്തിറക്കി.
രണ്ട് ഡീസൽ എഞ്ചിനുകളാണ് ഇവനെ ചലിപ്പിക്കുന്നത്. 65 ലിറ്റർ കപ്പാസിറ്റിയുണ്ട് ഓരോ എഞ്ചിനും. പതിനാറ് സിലിണ്ടറുകളുള്ള എഞ്ചിൻ 1900 ആർപിഎമ്മിൽ 2300 ബിഎച്ച്പി കരുത്തും 1500 ആർപിഎമ്മിൽ 9313 എൻഎം ടോർക്കുമുണ്ട് ബെലാസിന്റ ഈ ഭീകരന്. അതായത് രണ്ട് എഞ്ചിനുകൾ ചേർന്ന് 4600 ബിഎച്ച്പി കരുത്തും 18626 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 2800 ലിറ്റർ കപ്പാസിറ്റിയുള്ള രണ്ട് ഡീസൽ ടാങ്കുകൾ ട്രക്കിനുണ്ട്. 360 ടണ്ണാണ് ട്രക്കിന്റെ ഭാരം. ഭാരം വഹിക്കാത്തപ്പോൾ മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിലും ലോഡ് വഹിക്കുമ്പോൾ 40 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കാൻ സാധിക്കും.