ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്‌ലറിന്റെ ഉപസ്ഥാപനമായ ഡെയ്മ്‌ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾ(ഡി ഐ സി വി) ഒൻപതു ടണ്ണിൽ താഴെ ഭാരവാഹക ശേഷിയുള്ള വാഹനങ്ങൾ അവതരിപ്പിക്കുന്നു. ഈ ജൂണിനുള്ളിൽ പുതിയ ട്രക്കുകൾ വിൽപ്പനയ്ക്കെത്തുമെന്നാണു കമ്പനി നൽകുന്ന സൂചന.
ഡെയ്മ്ലർ ട്രക്സ് ഏഷ്യയുടെ വിജയത്തിൽ നിർണായക പങ്കാണു ഡി ഐ സി വി വഹിക്കുന്നതെന്നു മിറ്റ്സുബിഷി ഫ്യൂസൊ ട്രക്ക് ആൻഡ് ബസ് കോർപറേഷൻ(എം എഫ് ടി ബി സി) പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ഡെയ്മ്‌ലർ ട്രക്സ് ഏഷ്യ മേധാവിയുമായ മാർക് ലിസ്റ്റൊസെല്ല അഭിപ്രായപ്പെട്ടു. കയറ്റുമതി ലക്ഷ്യമിട്ടുള്ള മൂന്നാം അസംബ്ലി ലൈൻ പ്രവർത്തനക്ഷമമാവുന്നതോടെ ഡി ഐ സി വിയും എം എഫ് ടി ബി സിയുമായുള്ള തന്ത്രപരമായ സഹകരണം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ ശാലയിൽ മൂന്നാംട്രക്ക് പ്രോഡക്ട് ഫാമിലിയുടെ ഉൽപ്പാദനം ഇക്കൊല്ലം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കത്തിൽ ‘ഫ്യൂസൊ’ ബ്രാൻഡിൽ കയറ്റുമതി ലക്ഷ്യമിട്ടാവും ഒൻപതു ടണ്ണിൽ താഴെ ഭാരവാഹക ശേഷിയുള്ള ട്രക്കുകൾ ഡി ഐ സി വി നിർമിക്കുക. തുടർന്നു ജൂണിനുള്ളിൽ ആഭ്യന്തര വിപണിക്കായുള്ള വകഭേദങ്ങളും പുറത്തെത്തുമെന്നാണു പ്രതീക്ഷ.
വാണിജ്യ വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം 2016 സമ്മിശ്രമായിരുന്നെന്ന് ഡി ഐ സി വി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എറിക് നെസെൽഹോഫ് അഭിപ്രായപ്പെട്ടു. ലാഭകരമായ വളർച്ചയായിരുന്നു കമ്പനി കഴിഞ്ഞ വർഷം ലക്ഷ്യമിട്ടത്. വാണിജ്യ വാഹന കയറ്റുമതിയിൽ വിജയം നേടിയതിനാൽ ആഭ്യന്തര വിപണിയിലെ വെല്ലുവിളികളെ ഫലപ്രദമായി അതിജീവിക്കാൻ ഡി ഐ സി വിക്കു കഴിഞ്ഞെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ വർഷം ‘ഭാരത് ബെൻസ്’ ശ്രേണിയിൽ 13,081 ട്രക്കുകളാണു ഡി ഐ സി വി വിറ്റത്; 2015ലെ വിൽപ്പനയാവട്ടെ 13,997 എണ്ണമായിരുന്നു. കൂടാതെ ഒരഗടം ശാലയിൽ നിന്നുള്ള മൊത്തം ഉൽപ്പാദനം 40,000 യൂണിറ്റ് പിന്നിട്ടതായും ഡി ഐ സി വി അറിയിച്ചു.