പ്രവർത്തനം തുടങ്ങി നാലു വർഷത്തിനകം ചെന്നൈ ശാലയിൽ നിന്നുള്ള ട്രക്ക് കയറ്റുമതി 10,000 യൂണിറ്റ് പിന്നിട്ടതായി ഡെയ്മ്‌ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ്(ഡി ഐ സി വി). ഇന്തോനീഷയിലേക്കു കയറ്റി അയച്ച 40 ടൺ ഭാരവാഹക ശേഷിയുള്ള മെഴ്സീഡിസ് ബെൻസ് ഹെവി ഡ്യൂട്ടി ട്രക്കാണ് ഈ നേട്ടം സമ്മാനിച്ചതെന്നും ഡെയ്മ്‌ലർ ട്രക്ക്സ് ആൻഡ് ബസസ് എഷ്യ മേധാവിയും മിറ്റ്സുബിഷി ഫ്യുസൊ ട്രക്സ് അൻഡ് ബസസ് കോർപറേഷൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മാർക് ലിസ്റ്റൊസെല്ല അറിയിച്ചു. ദക്ഷിണ പൂർവ ഏഷ്യൻ വിപണികളിലേക്ക് 250 ട്രക്കുകൾ കയറ്റി അയയ്ക്കാനുള്ള നടപടികളാണു ഡി ഐ സി വിയിൽ പുരോഗമിക്കുന്നത്.
ഇതൊരു തുടക്കം മാത്രമാണെന്നായിരുന്നു ട്രക്ക് കയറ്റുമതി 10,000 യൂണിറ്റിലെത്തിയതിനോടു ലിസ്റ്റൊസെല്ലയുടെ പ്രതികരണം. വിശ്വാസ്യതയും കാര്യക്ഷമതയും ഉന്നത ഗുണനിലവാരവും ഉറപ്പാക്കി ഇന്ത്യയിൽ നിർമിക്കുന്ന ട്രക്കുകൾക്കു പുതു വിപണികൾ തേടാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ‘ഫ്യുസൊ’, ‘മെഴ്സീഡിസ് ബെൻസ്’ ബ്രാൻഡുകളുടെ വിൽപ്പന മെച്ചപ്പെടുത്താൻ ഇന്ത്യയിലെ ശാല സഹായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെയ്മ്ലറിന്റെ ആഗോള നിലവാരം പിന്തുടർന്നാണു ഡി ഐ സി വി ചെന്നൈയിൽ ‘ഭാരത് ബെൻസ്’ ശ്രേണിയിലേതടക്കമുള്ള ട്രക്കുകളും ബസ്സുകളും നിർമിക്കുന്നത്. ഒൻപതു മുതൽ 16 ടൺ വരെ ഭാരം വഹിക്കാവുന്ന മീഡിയം ഡ്യൂട്ടി, 16 — 49 ടൺ ഭാരം വഹിക്കാവുന്ന ഹെവി ഡ്യൂട്ടി ട്രക്കുകൾ കമ്പനി ചെന്നൈയിൽ നിർമിക്കുന്നുണ്ട്.
ട്രക്കുകൾക്കു പുറമെ ആയിരത്തോളം ബസ് ഷാസികളും ഡി ഐ സി വി ചെന്നൈയിലെ ബസ് പ്ലാന്റിൽ നിന്നു കയറ്റുമതി ചെയ്തിട്ടുണ്ട്. മധ്യ പൂർവ മേഖലയിൽ അവതരിപ്പിച്ച ‘മെഴ്സീഡിസ് ബെൻസ്’ സ്കൂൾ ബസ്സിന്റെ ഉൽപ്പാദനം വർധിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. ഇതു കൂടാതെ കെനിയയിലെയും ദക്ഷിണാഫ്രിക്കയിലേയും ഫ്യുസൊ’ ട്രക്ക് നിർമാണത്തിനുള്ള നോക്ക്ഡ് ഡൗൺ കിറ്റുകളും ഡി ഐ സി വി ലഭ്യമാക്കുന്നുണ്ട്. 2016 മാർച്ച് മുതലാണ് ഡി ഐ സി വി കെനിയയിലേക്കു കിറ്റുകൾ കയറ്റുമതി ചെയ്യുന്നത്. ദക്ഷിണ ആഫ്രിക്കയിൽ പ്രാദേശിക അസംബ്ലിങ് ആരംഭിച്ചത് കഴിഞ്ഞ മാസമാണ്.