ബാറ്ററിയിൽ ഓടുന്ന ആദ്യ ട്രക്ക് ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്‌ലർ യൂറോപ്യൻ കമ്പനികൾക്കു നിർമിച്ചു നൽകി. പരിസ്ഥിയെ മലിനമാക്കാത്ത ട്രക്കുകൾ പുറത്തിറക്കാൻ നിർമാതാക്കൾക്കിടയിലെ മത്സരം കടുക്കുന്നതിനിടയിലാണ് ഡെയ്മ്‌ലറിന്റെ ഈ നേട്ടം.
‘ഫ്യുസൊ’ ശ്രേണിയിലെ ‘ഇ കാന്റർ’ ലഘു ട്രക്ക് എക്സ്പ്രസ് ഡലിവറി സർവീസായ ഡി എച്ച് എൽ ആണു സ്വന്തമാക്കിയത്. ജർമൻ തലസ്ഥാനമായ ബെർലിൻ നഗരത്തിനുള്ളിലെ സർവീസിനായാണ് ‘ഇ ട്രക്ക്’ ഉപയോഗിക്കുകയെന്നു ഡി എച്ച് എൽ വ്യക്തമാക്കി. ജർമൻ ലോജിസ്റ്റിക്സ്, ട്രാൻസ്പോർട് കമ്പനികളായ ഡി ബി ഷെങ്കെർ, റീനസ്, ഡാഷർ എന്നിവയും ആദ്യഘട്ടത്തിൽ ഡെയ്മ്‌ലറിന്റെ ‘ഇ ട്രക്കു’കൾ സ്വന്തമാക്കിയിട്ടുണ്ട്.
ശബ്ദശല്യവും കാർബൺ ഡയോക്സൈഡ് മലിനീകരണവുമില്ലാതെ ട്രക്ക് ഓടിക്കാമെന്നതിനു പുറമെ പ്രവർത്തന ചെലവ് കുറയ്ക്കാനും ‘ഫ്യുസൊ ഇ കാന്റർ’ ശ്രേണി സഹായിക്കുമെന്നു ഡെയ്മ്‌ലർ ട്രക്സ് ഏഷ്യ മേധാവി മാർക് ലിസ്റ്റൊസെല്ല അഭിപ്രായപ്പെട്ടു. നഗരങ്ങളിലെ വിതരണ മേഖലയുടെ ഭാവിയാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. നാലര ടൺ ഭാരം വഹിക്കാവുന്ന ‘ഇ കാന്ററി’നു കരുത്തേകുന്നത് ആറു ബാറ്ററികളാണ്; ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടാൻ ഈ ട്രക്കുകൾക്ക് കഴിയുമെന്നും മെഴ്സീഡിസ് ബെൻസിന്റെ മാതൃസ്ഥാപനമായ ഡെയ്മ്‌ലർ അവകാശപ്പെട്ടു.
യു എസിൽ പാക്കേജ് ഷിപ്പിങ് രംഗത്തെ പ്രമുഖരായ യു പി എസ് ഇത്തരം ‘ഇ കാന്റർ’ ട്രക്കുകൾ ഉപയോഗിക്കുന്നുണ്ട്. ജപ്പാനിലെ കൺവീനിയൻസ് സ്റ്റോർ ശൃംഖലയായ സെവൻ — ഇലവനും യമാറ്റൊ ട്രാൻസ്പോർട്ടും ഇത്തരത്തിലുള്ള 25 വീതം ട്രക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നാണു ഡെയ്മ്ലറിന്റെ കണക്ക്. ഈ സാഹചര്യത്തിൽ മലിനീകരണ വിമുക്തമായ ‘ഇ ട്രക്കു’കളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം 2019ൽ ആരംഭിക്കാനാവുമെന്നാണു ഡെയ്മ്ലറിന്റെ പ്രതീക്ഷ. അതേസമയം ‘ഇ കാന്ററി’ന്റെ വില സംബന്ധിച്ച് ഡെയ്മ്ലർ സൂചനയൊന്നും നൽകിയിട്ടില്ല; പകരം 10,000 കിലോമീറ്റർ ഓടുമ്പോൾ 1,000 യൂറോ(ഏകദേശം 75,697 രൂപ) ലാഭമാണു പരമ്പരാഗത ട്രക്കുകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള പ്രവർത്തന ചെലവിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഡീസൽ എൻജിനുള്ള ട്രക്കുകളെ അപേക്ഷിച്ച് കൂടുതൽ വേഗവും ആദായവും വാഗ്ദാനം ചെയ്യുന്ന വൈദ്യുത ‘സെമി’ ട്രക്ക് കഴിഞ്ഞ മാസം ടെസ്ല ഇൻകോർപറേറ്റഡും പുറത്തിറക്കിയിരുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 800 കിലോമീറ്റർ ഓടാൻ ഈ ട്രക്കിനു കഴിയുമെന്നാണു കമ്പനിയുടെ അവകാശവാദം. ഇത്തരം ട്രക്കുകളുടെ ഉൽപ്പാദനം 2019ൽ ആരംഭിച്ച് 2020ൽ വിൽപ്പന ആരംഭിക്കാനാണു ടെസ്‌ല ലക്ഷ്യമിടുന്നത്.