ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോയതിന്റെ പേരിൽ ഇറാനു മേൽ ഏർപ്പെടുത്തിയിരുന്ന വ്യാപാര ഉപരോധം പാശ്ചാത്യ രാജ്യങ്ങൾ പിൻവലിച്ചതോടെ വാഹന വ്യവസായ മേഖലയിലെ പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ജർമനിയിൽ നിന്നുള്ള ഡെയ്മ‌്‌ലർ രംഗത്തിറങ്ങി. ഇറാനിയൻ വിപണിയിലേക്കുള്ള മടക്കത്തിനു മുന്നോടിയായി ഇറാൻ ഖൊർദൊ ഡീസൽ(ഐ കെ ഡി), മാമ്മുട് ഗ്രൂപ് എന്നീ കമ്പനികളുമായിട്ടാണു ഡെയ്മ്ലർ താൽപര്യ പത്രം ഒപ്പിട്ടത്. മെഴ്സീഡിസ് ബെൻസ് ട്രക്കുകളും എൻജിനും ഗീയർബോക്സുമുൾപ്പെട്ട പവർ ട്രെയ്ൻ ഘടകങ്ങളും പ്രാദേശികമായി നിർമിക്കുന്നതിനൊപ്പം ട്രക്കുകളുടെയും സ്പെയർ പാർട്സിന്റെയും വിൽപ്പനയ്ക്കായി പ്രത്യേക കമ്പനി രൂപീകരിക്കാനും ലക്ഷ്യമിടുന്ന കരാറുകളിലാണു ഡെയ്മ്ലർ ഒപ്പുവച്ചത്.
ഇതോടൊപ്പം ഇറാനിയൻ ഡീസൽ എൻജിൻ മാനുഫാക്ചറിങ് കമ്പനി(ഐ ഡി ഇ എം)യിലെ ഓഹരി പങ്കാളിത്തം വീണ്ടെടുക്കാനും ഡെയ്മ‌്‌ലർ തീരുമാനിച്ചു. എൻജിൻ നിർമാണത്തിനായി ഡെയ്മ്ലറിന്റെ ഓഹരി പങ്കാളിത്തത്തോടെ സ്ഥാപിച്ച സംയുക്ത സംരംഭമാണ് ഐ ഡി ഇ എം. ഇറാൻ വിപണിയിലേക്കുള്ള മടക്കം വേഗത്തിലാക്കാൻ തുടക്കത്തിൽ നോക്ക്ഡ് ഡൗൺ കിറ്റ് വ്യവസ്ഥയിൽ എത്തിച്ചു പ്രാദേശികമായി സംയോജിപ്പിച്ചാവും ആദ്യഘട്ടത്തിൽ മെഴ്സീഡിസ് ബെൻസ് ശ്രേണിയിലെ ‘ആക്ട്രോസ്’, ‘ആക്സോർ’ ട്രക്കുകൾ വിൽപ്പനയ്ക്കെത്തിക്കുക. ഇത്തരത്തിൽ വർഷാവസാനത്തിനു മുമ്പു തന്നെ ഇറാനിലെ മെഴ്സീഡിസ് ബെൻസ് ട്രക്ക് വിൽപ്പന പുനഃരാരംഭിക്കാനാണു ഡെയ്മ്ലർ ലക്ഷ്യമിടുന്നത്. തുടർന്ന് പവർ ട്രെയ്നടക്കം പ്രാദേശികതലത്തിൽ നിർമിച്ച് ഇറാനിൽ പൂർണതോതിലുള്ള ട്രക്ക് ഉൽപ്പാദനവും ആരംഭിക്കും.