വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസി(ഡി ഐ സി വി)ന്റെ കയറ്റുമതി 5,000 യൂണിറ്റ് പിന്നിട്ടു. 2013ൽ ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് പ്രവർത്തനം ആരംഭിച്ച ഡി ഐ സി വി മൂന്നു വർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.
നിലവിൽ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക മേഖലകളിലായി ഇരുപതോളം രാജ്യങ്ങളിലേക്കാണു ഡെയ്മ്ലർ ഇന്ത്യയിൽ നിർമിച്ച വാണിജ്യ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നത്. അടുത്തയിടെ കുവൈത്തിലേക്കും പെറുവിലേക്കും കയറ്റുമതി ആരംഭിച്ച കമ്പനി വൈകാതെ പത്തോളം പുതിയ വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ്. ആഗോളതലത്തിൽ തന്നെ ‘ഫ്യുസൊ’ ബ്രാൻഡിന്റെ ബിസിനസ് സാധ്യത പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണു പുരോഗമിക്കുന്നതെന്നു മിറ്റ്സുബിഷി ഫ്യുസൊ ട്രക്ക് ആൻഡ് ബസ് കോർപറേഷൻ(എം എഫ് ടി ബി സി) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ഡെയ്മ്ലർ ട്രക്സ് ഏഷ്യ മേധാവിയുമായ മാർക് ലിസ്റ്റൊസെല്ല വെളിപ്പെടുത്തി. ഈ ഉദ്യമത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യൻ ശാലയിൽ നിർമിച്ച ‘ഫ്യുസൊ’ ശ്രേണിയിലെ വാഹനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
മീഡിയം ഡ്യൂട്ടി (ഭാരവാഹക ശേഷി ഒൻപത് — 16 ടൺ) വിഭാഗത്തിൽ നാലും ഹെവി ഡ്യൂട്ടി (16 — 49 ടൺ) വിഭാഗത്തിൽ പന്ത്രണ്ടും മോഡലുകളാണു പുതിയ ‘ഫ്യുസൊ’ ശ്രേണിയിലുള്ളത്. വിവിധ വിപണികളുടെ ആവശ്യം മുൻനിർത്തി പ്രത്യേകം വികസിപ്പിച്ച വാഹനങ്ങൾ കർശന ഗുണനിലവാര പരിശോധനയ്ക്കു ശേഷമാണു വിൽപ്പനയ്ക്കെത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ആഭ്യന്തര വിപണിക്കായി ഭാരത് ബെൻസ് ശ്രേണിയിലുള്ള വാഹനങ്ങളുടെ നിർമാണമാണ് ഡി ഐ സി വിയുടെ പ്രധാന ചുമതലകളിൽ ഒന്നെന്നു കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എറിക് നെസെൽഹോഫ് വെളിപ്പെടുത്തി. വാഹനങ്ങളുടെയും വാഹന നിർമാണത്തിനുള്ള യന്ത്രഘടകങ്ങളുടെയും കയറ്റുമതിയാണു മറ്റൊന്ന്. ‘ഫ്യുസൊ’ ശ്രേണിയിൽ 5,000 ട്രക്കുകൾക്കു പുറമെ ഡെയ്മ്ലറിനു വിവിധ രാജ്യങ്ങളിൽ ട്രക്ക് നിർമിക്കാനുള്ള 90 ലക്ഷത്തോളം യന്ത്രഘടകങ്ങളും കയറ്റുമതി ചെയ്യാനായത് ഡി ഐ സി വിക്ക് അഭിമാനാർഹമായ നേട്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ യഥാർഥ സാധ്യതയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഫ്യുസൊ’ ട്രക്കുകൾക്കും ട്രക്ക് നിർമാണത്തിനുള്ള ഘടകങ്ങൾക്കും പുറമെ നൂറു കണക്കിനു ബസ് ഷാസികളും ഡി ഐ സി വി കയറ്റുമതി ചെയ്തിട്ടുണ്ട്. ഒരഗടത്തെ നിർമാണ സമുച്ചയത്തിൽ ട്രക്ക് പ്ലാന്റിനു സമീപമാണു ബസ് പ്ലാന്റിന്റെയും പ്രവർത്തനം. കൂടാതെ കെനിയയിലെ പ്രാദേശിക പങ്കാളിക്ക് ‘ഫ്യുസൊ’ ട്രക്ക് നിർമാണത്തിനുള്ള കിറ്റുകളും കഴിഞ്ഞ മാർച്ച് മുതൽ ഡി ഐ സി വി ലഭ്യമാക്കന്നുണ്ട്. തുടക്കത്തിൽ 25 ടൺ ഭാരവാഹക ശേഷിയുള്ള മോഡലാണ് ഇത്തരത്തിൽ നിർമിക്കുന്നത്; വൈകാതെ ‘ഫ്യുസൊ’ ശ്രേണിയിലെ മറ്റു മോഡലുകളുടെ കിറ്റുകളും ഡി ഐ സി വി കെനിയയിലേക്കു കയറ്റുമതി ചെയ്തു തുടങ്ങും.