ആഴമേറിയ തുറമുഖ(ഡീപ് ഡ്രാഫ്റ്റ് പോർട്ട്)ങ്ങളുടെ അസാന്നിധ്യം ഇന്ത്യയിൽ നിന്നുള്ള ട്രക്ക് കയറ്റുമതിക്കു തിരിച്ചടി സൃഷ്ടിക്കുന്നതായി ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്ലർ. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാനമായ ഡെയ്മ്ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ്(ഡി ഐ സി വി) ഇന്ത്യയിൽ നിർമിച്ച ട്രക്കുകളും ബസ്സുകളും മുപ്പതോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ്. പ്രധാന തുറമുഖങ്ങൾ സ്ഥിതി ചെയ്യുന്ന ചെന്നൈയ്ക്കടുത്ത് ഒരഗടത്താണു ഡി ഐ സി വിയുടെ ട്രക്ക്, ബസ് നിർമാണശാല.
എന്നാൽ വലിപ്പമേറിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന തരം ആഴമേറിയ തുറമുഖങ്ങൾ ശാലയുടെ സമീപത്തില്ലാത്തതു വലിയ പോരായ്മയാണെന്നു ഡി ഐ സി വി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എറിക് നെസെൽഹോഫ് അഭിപ്രായപ്പെട്ടു. ഈ പോരായ്മ മൂലം കയറ്റുമതിയിൽ കാര്യമായ വർധന കൈവരിക്കാനാവുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. വാഹന കയറ്റുമതി വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിന് താൽപര്യമുണ്ടെങ്കിൽ ഡ്രാഫ്റ്റ്(ആഴം) ഏറിയ തുറമുഖങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മാത്രമല്ല, ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉടനടി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഴമേറിയ തുറമുഖം യാഥാർഥ്യമാവാൻ 2025 വരെ കാത്തിരിക്കാനൊന്നും തനിക്കു താൽപര്യമില്ലെന്നും നെസെൽഹോഫ് വ്യക്തമാക്കി.
ഒരഗടത്തു നിർമിക്കുന്ന ‘ഫ്യുസൊ’ ശ്രേണിയിലെ ട്രക്കുകൾ ഡി ഐ സി വി നിലവിൽ ഇരുപതോളം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. ദക്ഷിണ പൂർവ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വിപണികളിൽ ഇപ്പോൾ ഡി ഐ സി വി നിർമിച്ച വാഹനങ്ങൾ വിൽപ്പനയ്ക്കെത്തുന്നുണ്ട്.
നാലു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഡി സി വിയുടെ ആഭ്യന്തര വിപണിയിലെ ഇതുവരെയുള്ള വിൽപ്പന 42,000 യൂണിറ്റാണ്. ഒപ്പം ഏഴായിരത്തിലേറെ ട്രക്കുകൾ കമ്പനി കയറ്റുമതി ചെയ്തിട്ടുമുണ്ട്. അടുത്ത ഘട്ടമെന്ന നിലയിൽ പൂർണമായും നിർമിച്ച ബസ്സുകളുടെ കയറ്റുമതിക്കാണ് ഡി ഐ സി വി ഇപ്പോൾ തയാറെടുക്കുന്നത്. ഇക്കൊല്ലം തന്നെ ഒൻപതു ടൺ ഭാരമുള്ള സ്കൂൾ ബസ്സുകൾ കമ്പനി മധ്യ പൂർവ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യും. ഇന്ത്യയിൽ ഭാരത് ബെൻസ് ശ്രേണിയിൽ ലഭ്യമാവുന്ന ഈ ബസ്സുകൾ ഗൾഫ് രാജ്യങ്ങളിൽ മെഴ്സീഡിസ് ബെൻസ് ബ്രാൻഡിലാണു വിൽപ്പനയ്ക്കെത്തുക. ഒരഗടം ട്രക്ക് നിർമാണശാലയ്ക്കായി കമ്പനി 4,400 കോടി രൂപയാണ് ഇതുവരെ നിക്ഷേപിച്ചത്. 400 ഏക്കർ വിസ്തൃതിയിലുള്ള ബസ് പ്ലാന്റിനായി 425 കോടി രൂപയും ഡി ഐ സി വി മുടക്കിയിട്ടുണ്ട്.