Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരഗടത്ത് രണ്ടാം ഷിഫ്റ്റ് തുടങ്ങാൻ ഡി ഐ സി വി

Daimler

ഇന്ത്യയ്ക്കായി ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്‍ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ്(ഡി ഐ സി വി) അവതരിപ്പിച്ച പുതിയ ബ്രാൻഡായ ‘ഭാരത് ബെൻസ്’ അഞ്ചു വർഷം പൂർത്തിയാക്കി. ഇതുവരെ 55,000 യൂണിറ്റിന്റെ വിൽപ്പനയാണു ‘ഭാരത് ബെൻസ്’ കൈവരിച്ചത്.

ആഭ്യന്തര വിപണിയിൽ ട്രക്കുകൾക്ക് ആവശ്യമേറിയതോടെ ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ നിർമാണശാലയിൽ രണ്ടാം ഷിഫ്റ്റ് ആരംഭിക്കാനും ഡി ഐ സി വി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിൽപ്പനയ്ക്കു പുറമെ കയറ്റുമതി ഗണ്യമായി ഉയർത്താൻ കൂടി ലക്ഷ്യമിട്ടാണു ഡി ഐ സി വി രണ്ടാം ഷിഫ്റ്റ് ആരംഭിക്കുന്നത്. ഇക്കൊല്ലം അവസാനിക്കുമ്പോഴേക്ക് നാൽപതോളം രാജ്യങ്ങളിൽ ഇന്ത്യൻ നിർമിത ട്രക്കുകൾ വിൽപ്പനയ്ക്കെത്തിക്കാനാണു ഡി ഐ സി വിയുടെ പദ്ധതി. 

പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിൽ ഉന്നത നിലവാരം പാലിക്കുന്നതു ‘യൂറോ അഞ്ച്’ നിലവാരമുള്ളതുമായ മീഡിയം ഡ്യൂട്ടി ട്രക്കുകളും ഡി ഐ സി വി ‘ഭാരത് ബെൻസ്’ ശ്രേണിയിൽ പുറത്തിറക്കിയിട്ടുണ്ട്. ‘ഭാരത് സ്റ്റേജ് നാല്’ നിലവാരത്തിലേക്കുള്ള വാണിജ്യവാഹന വിപണിയുടെ മുന്നേറ്റത്തെ നയിച്ചത് ‘ഭാരത് ബെൻസ്’ ആയിരുന്നെന്ന് ഡി ഐ സി വി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എറിക് നെസെൽഹോഫ് അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ ‘യൂറോ അഞ്ച്’ നിലവാരമുള്ള പുതിയ ട്രക്ക് അവതരിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

യൂറോ അഞ്ച് നിലവാരമുള്ള എൻജിനുകൾ ‘ബി എസ് നാലി’നെ അപേക്ഷിച്ച് 40% കുറവ് നൈട്രജൻ ഓക്സൈഡ് മലിനീകരണമാണു സൃഷ്ടിക്കുക. ഗതാഗതത്തിരക്കേറിയ മേഖലകളിൽ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നതിലെ പ്രധാന വില്ലൻ നൈട്രജൻ ഓക്സൈഡ് ആണെന്നാണു വിലയിരുത്തൽ. 

ഉപയോക്താക്കൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ബ്രാൻഡായി ‘ഭാരത് ബെൻസി’നെ വളർത്താൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സാധിച്ചതായി ഡെയ്മ്ലർ ട്രക്സ് ഏഷ്യ മേധാവി മാർക് ലിസ്റ്റൊസെല്ല അഭിപ്രായപ്പെട്ടു. ഇക്കൊല്ലം വിൽപ്പനയിൽ മികച്ച വളർച്ച കൈവരിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബി എസ് നാല് നിലവാരത്തിലേക്കുള്ള പരിവർത്തനം അനായാസം പൂർത്തിയാക്കുക വഴി ഇതാദ്യമായി കമ്പനിയുടെ വിപണി വിഹിതം 10 ശതമാനത്തിനു മുകളിലെത്തിയെന്നും ലിസ്റ്റൊസെല്ല വെളിപ്പെടുത്തി.