ഡീസൽ എൻജിനുകളിൽ നിന്നുള്ള മലിനീകരണ നിയന്ത്രണനിലവാരം ഉയർത്താനായി ജർമൻ കാർ നിർമാതാക്കളായ ഡെയ്മ്ലർ എ ജി 335 കോടി ഡോളർ(ഏകദേശം 22456.21 കോടി രൂപ) മുടക്കാൻ ഒരുങ്ങുന്നു. മെഴ്സിഡീസ് ബെൻസ് ശ്രേണിയിലെ ആഡംബര കാറുകളുടെ എൻജിനുകളിലും സോഫ്റ്റ്വെയർ പരിഷ്കാരമടക്കം എക്സോസ്റ്റ് ട്രീറ്റ്മെന്റ് സംവിധാനത്തിലുമൊക്കെ സമഗ്ര മാറ്റമാണു ഡെയ്മ്ലർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 260 കോടി യൂറോ ഉൾപ്പെടെയാവും കമ്പനി 300 കോടി യൂറോ(22353.31 കോടിയോളം രൂപ) നിക്ഷേപിക്കുക.
യൂറോപ്പിൽ വിൽക്കുന്ന ഡീസൽ എൻജിനുള്ള മെഴ്സീഡിസ് ബെൻസ് കാറുകളിലെല്ലാം സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ സാങ്കേതികവിദ്യ നടപ്പാക്കാനാണു ഡെയ്മ്ലറിന്റെ പദ്ധതി. അതേസമയം പെട്രോൾ എൻജിനുള്ള മോഡലുകളിലെല്ലാം പർട്ടിക്കുലേറ്റ് ഫിൽറ്റർ ഘടിപ്പിക്കും. ഫ്യുവൽ ഇഞ്ചക്ഷന്റെയും ഇന്റർ കൂളിങ്ങിന്റെയും ടർബോ ചാർജിങ്ങിന്റെയുമെല്ലാം കാര്യക്ഷമത വർധിപ്പിക്കാനും ഡെയ്മ്ലർ ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടാതെ താഴ്ന്ന ഓപ്പറേറ്റിങ് താപനിലകളിൽ എക്സോസ്റ്റ് ഗ്യാസ് റീ സർക്കുലേഷൻ ട്രീറ്റ്മെന്റിന്റെ സമയം ദീർഘിപ്പിക്കുന്ന പുതിയ ഉൽപന്നങ്ങൾ ഉപയോഗിക്കാനും കമ്പനി നടപടി ആരംഭിച്ചിട്ടുണ്ട്.