Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസംബറോടെ ട്രക്കുകൾക്ക് എ സി കാബിൻ നിർബന്ധം

രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്ക് ആശ്വസിക്കാം; ഈ ഡിസംബർ 31നകം ട്രക്കുകളുടെ ഡ്രൈവർ കാബിൻ ശീതീകരിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണു സർക്കാർ ട്രക്കുകൾക്ക് ശീതീകരിച്ച കാബിൻ നിർബന്ധമാക്കുന്നത്. ഓരോ വർഷവും റോഡ് അപകടങ്ങളിൽ ഒന്നര ലക്ഷത്തോളം പേർ മരിക്കുന്നുണ്ടെന്നാണു കണക്ക്; ഒപ്പം മൂന്നു ലക്ഷത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നു.

എൻ ടു, എൻ ത്രീ വിഭാഗങ്ങളിൽപെടുന്ന ചരക്കു വാഹനങ്ങൾക്ക് 2017 ഏപ്രിൽ ഒന്നു മുതൽ ശീതീകരിച്ച കാബിൻ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദേശിച്ചിരുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, കപ്പൽ ഗതാഗത സഹമന്ത്രി മൻസുഖ് ലാൽ മാണ്ഡവ്യ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു. എന്നാൽ കാബിൻ ശീതീകരിക്കാനുള്ള കാലപരിധി ഡിസംബർ 31 വരെ ദീർഘിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ലഭ്യമായ കണക്കുകൾ പ്രകാരം ട്രക്ക്, ടെംപോ, മൾട്ടി ആക്സിൽ വാഹനം, ട്രാക്ടർ തുടങ്ങിയ ഉൾപ്പെട്ട 98,987 അപകടങ്ങളാണു റിപ്പോർട്ട് ചെയ്തത്; മൊത്തം അപകടങ്ങളുടെ 19.7% വരുമിത്. പക്ഷേ  മൊത്തം അപകട മരണങ്ങളുടെ 25.6%(37,458 എണ്ണം) സംഭവിച്ചതും ഇത്തരം അപകടങ്ങളിലാണ്.ബസ്സുകൾ മൂലം 41.832 അപകടങ്ങൾ(8.3%) ആണു സംഭവിച്ചത്; മരണസംഖ്യയാവട്ടെ 12,133(8.3%).