പലരൂപത്തിലും പല വലുപ്പത്തിലുമുള്ള ട്രക്കുകളുണ്ട് വിപണിയിൽ. ചിലതു കണ്ടാൽ നമുക്ക് ആകർഷണം തോന്നും എന്നാൽ ചിലതിനോട് വെറുപ്പ് മാത്രം. മറ്റു വാഹനങ്ങൾ രാജാവിനെപ്പോലെ റോഡിലൂടെ ഒഴുകി നീങ്ങുമ്പോൾ എടുത്താൽ പൊങ്ങാത്ത ഭാരവുമായി കിതയ്ക്കുന്ന ട്രക്കിനെപ്പറ്റിയല്ല ഇനി പറയാൻ പോകുന്നത്. ഏത് അത്യാഢംബര കാറിനേയും മത്സരിച്ച് തോൽപ്പിക്കാൻ കെൽപ്പുള്ള ട്രക്കിനെപ്പറ്റിയാണ്.
കക്ഷി ഓസ്ട്രേലിയക്കാരനാണ്, അമേരിക്കൻ ട്രക്ക് നിർമ്മാണ കമ്പനിയായ മാക്കിന്റെ ഓസ്ട്രേലിയൻ ഡിവിഷനാണ് ട്രക്ക് നിർമ്മിച്ചത്. മലേഷ്യയിലെ ജോഹോർ പ്രവിശ്യയിലെ രാജാവ് സുൽത്താൻ ഇബ്റാഹിം ഇസ്മായിൽ ഇബ്നി അൽമർഹൂം സുൽത്താൻ ഇസ്കന്തർ അൽ ഹജിന് വേണ്ടിയാണ് ട്രക്ക് നിർമ്മിച്ചിരിക്കുന്നത്. വാഹന പ്രേമിയും സർവ്വോപരി കോടീശ്വരനുമാകുമ്പോൾ ആഢംബരം കുറയ്ക്കാനാവുമോ, സുൽത്താന്റെ നിലയ്ക്കും വലയ്ക്കുമനുസരിച്ച് ഒരു ട്രക്കിൽ പരിഷ്കാരം വരുത്തി. കൃത്യമായ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം പത്ത് ലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് ട്രക്കിനായി സുൽത്താന്‍ ചെലവാക്കിയത് എന്നാണ് അറിയുന്നത്.
പറഞ്ഞുവരുമ്പോൾ ഈ ട്രക്ക് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ട്രക്കും മാക്ക് ഇക്കാലത്തിനിടയിൽ നിർമിച്ച ഏറ്റവും ചെലവേറിയ ട്രക്കുമാണിത്. അകത്ത് ഒരു ഡബിൾ ബെഡ്, കിച്ചൺ, ഫ്രിഡ്ജ്, ആറ് ക്യാമറകളുള്ള സിസിടിവി സിസ്റ്റം, രണ്ട് വലിയ ടെലിവിഷൻ സ്ക്രീനുകൾ, വിലയേറിയ കല്ലുകൾ പതിച്ച സീറ്റുകൾ തുടങ്ങിയ സന്നാഹങ്ങളുണ്ട്. സ്വർണ്ണ നൂലുകൊണ്ടാണ് ട്രക്കിന്റെ സീറ്റുകൾ തുന്നിയിരിക്കുന്നത്. ജോഹറിന്റെ പതാകയുടെ നിറമായ നീലയും വെള്ളയും ചുവപ്പുമാണ് ട്രക്കിന്റെ നിറം.
സൂൽത്താന്റെ സ്പീഡ് ബോട്ട് കൊട്ടാരത്തിൽ നിന്ന് കടലിലെത്തിക്കാൻ ഒരു ട്രക്ക് വേണമെന്നേ സുൽത്താൻ ആഗ്രഹിച്ചുള്ളൂ. ആഗ്രഹം സുൽത്താന്റേതാവുമ്പോൾ ട്രക്കിന് അതിന്റെതായ ഒരു വലിപ്പമൊക്കെ വേണ്ടേ? അതിനായി ട്രക്ക് മാക്കിനെകൊണ്ട് നിർമ്മിച്ച് മലേഷ്യയിലേയ്ക്ക് ഇറക്കുമതി ചെയ്തു സുൽത്താൻ. മാക്കിന്റെ ഹെവിഡ്യൂട്ടി സൂപ്പർ ലൈനർ ട്രക്കിലാണ് പരിക്ഷ്കാരങ്ങൾ നടപ്പാക്കിയിരിക്കുന്നത്. 16.1 ലിറ്റർ കപ്പാസിറ്റിയുള്ള എഞ്ചിന് 1550-1800 ആർപിഎമ്മിൽ 685 ബിഎച്ച്പി കരുത്തുണ്ട്.