നമ്മുടെ നാട്ടിൽ ഭാരംവഹിക്കാനാണ് ട്രക്കുകൾ ഉപയോഗിക്കുന്നത്. വലിയ ഭാരം വഹിച്ച് പുകതുപ്പിപ്പോകുന്ന ട്രക്കുകൾ നിത്യേന നാം കാണാറുണ്ട്. എന്നാൽ ആ ട്രക്കുകൾ ആകാശത്ത് പറത്തിയാലോ? രസമുള്ള കാഴ്ച്ചയായിരിക്കും അത്. ലോറി ആകാശത്തുകൂടി പറത്തി റെക്കോർഡിട്ടിരിക്കുകയാണ് ഗ്രേഗ് ഗോഡ്‌ഫ്രേ എന്ന അമേരിക്കക്കാരൻ. ഗിന്നസ് ബുക്കിൽ കയറിയാണ് 50.60 മീറ്റർ (166 അടി) ഉയരത്തിലുള്ള ആ ചാട്ടം നിന്നത്.
തന്റെ തന്നെ ഗിന്നസ് റെക്കോർഡാണ് ഗ്രേഗ് പഴങ്കഥയാക്കി മാറ്റിയത്. പഴയ റിക്കാർഡായ 62 അടി എന്നതിന്റെ ഇരട്ടിയിൽ അധികം ഗ്രേഗിന് ട്രക്ക് പറപ്പിക്കാനായി. 140 അടി ചാടിക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ 166 അടി ചാടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് ഗ്രേഗ് ചാട്ടത്തിന്റെ ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. 2014 ൽ ലോട്ടസ് എഫ് വണും ഇഎംസി ടെക്‌നോളജീസും ചേർന്ന് നടത്തിയ സ്റ്റണ്ട് ഷോയിൽ സ്റ്റണ്ട് ഡ്രൈവർ മൈക്ക് റയാൻ ട്രക്ക് 83.7 അടി ചാടിച്ചിരുന്നു. അന്ന് ഉയർന്ന് പറക്കുന്ന ട്രക്കിനടിയിലൂടെ ലോട്ടസിന്റെ എഫ് വൺ കാർ പോകുന്ന വിഡിയോ യൂട്യൂബിൽ ഏറെ കാണികളെ സൃഷ്ടിച്ചിരുന്നു.
Longest ramp jump by a truck - Guinness World Records
എഫ് വൺ കാറിന് മുകളിലൂടെ പറത്താനായില്ലെങ്കിലും 166 എന്ന ലോക റിക്കോർഡ് ചാട്ടം ചാടിച്ച് ലോട്ടസിന്റെ റിക്കോർഡ് തകർക്കാൻ ഗ്രേഗിനായി. സെമി ട്രക്കിൽ ഏറ്റവും വലിയ ചാട്ടം ചാടുന്ന ആൾ എന്ന ഗിന്നസ് വേൾഡ് റിക്കൊർഡും ഇതോടെ ഗ്രേഗ് സ്വന്തമാക്കിയിരിക്കുകയാണ്.