ബജാജ് — കെ ടി എം സഖ്യം ഇന്തൊനീഷയിലേക്കും

ktm-logo

ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡും ഓസ്ട്രിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ കെ ടി എം എ ജിയുമായുള്ള പങ്കാളിത്തം ഇന്തൊനീഷയിലേക്കും വ്യാപിപ്പിക്കുന്നു. ദക്ഷിണ പൂർവ ഏഷ്യയിലെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ വിപണിയാണ് ഇന്തൊനീഷ. ഇന്ത്യയിൽ ബജാജ് നിർമിക്കുന്ന, കെ ടി എം ശ്രേണിയിലെ ബൈക്കുകൾ ഇന്തൊനീഷയിലും വിൽപ്പനയ്ക്കെത്തിക്കാനാണാണ് ഇരുകമ്പനികളുമായുള്ള ധാരണ. 400 സി സി വരെ എൻജിൻശേഷിയുള്ളതും ‘ഡ്യൂക്ക്’, ‘ആർ സി’ ബ്രാൻഡിൽ പെട്ടതുമായ മോഡലുകളാണ് കെ ടി എമ്മിന്റെ സാങ്കേതിക സഹകരണത്തിൽ ബജാജ് ഓട്ടോ പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ നിർമിക്കുന്നത്. ഇവ ബജാജിന്റെ മേൽനോട്ടത്തിൽ ഇന്തൊനീഷയിൽ സ്ഥാപിക്കുന്ന കെ ടി എം ഡീലർഷിപ്പുകൾ വഴി വിൽപ്പനയ്ക്കെത്തിക്കാനാണു പദ്ധതി.

അതേസമയം നിലവിൽ കെ ടി എമ്മിന്റെ ഇറക്കുമതിക്കാരായ പി ടി ജയ സെലരസ് സെജാടെരയുമായുള്ള വിപണന കരാർ തുടരാനും തീരുമാനമായിട്ടുണ്ട്; 400 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകളാവും ഈ വിപണന ശൃംഖല വഴി വിൽപ്പനയ്ക്കെത്തുക. ദക്ഷിണ പൂർവ ഏഷ്യൻ മേഖലയ്ക്കുള്ള ദീർഘകാല തന്ത്രമെന്ന നിലയിലാണ് പുതിയ വിപണന ശൃംഖല വികസിപ്പിക്കുന്നതെന്ന് കെ ടി എം എ ജി ചീഫ് സെയിൽസ് ഓഫിസർ ഹ്യുബർട്ട് ട്രങ്കൻപോൾസ് അഭിപ്രായപ്പെട്ടു. ബജാജുമായുള്ള സഖ്യം പ്രയോജനപ്പെടുത്തി, വിലയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഇന്തൊനീഷൻ മോട്ടോർ സൈക്കിൾ വിപണിയിൽ നേട്ടം കൊയ്യാനാണു കമ്പനിയുടെ നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു.