അടിച്ചുപൊളി ജീവിതം നയിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. പാർട്ടികളും ആഡംബരവും നിറഞ്ഞ അവരുടെ ജീവിതത്തിലെ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഘടകമാണ് ആഡംബര കാറുകൾ. ഒട്ടുമിക്ക താരങ്ങളും വാഹനപ്രിയരാണ്. ബോളിവുഡിലെ മിന്നും താരങ്ങളുടെ വാഹനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഷാരൂഖ് ഖാന്റെ ബുഗാട്ടി
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായകനാണ് കിംഗ് ഖാൻ. ബോളിവുഡ് ബാദുഷാ ഷാരൂഖിന്റെ അഞ്ചുകോടിയുടെ വാനിറ്റിവാൻ കുറച്ചു നാളുകൾക്ക് മുമ്പേ വാർത്തകളിൽ നിറഞ്ഞതാണ്. സൂപ്പർ ലക്ഷ്വറി കാറുകളായ ഔഡി എ6, ബിഎംഡബ്ല്യു 6 സീരീസ്, ബിഎംഡ്ബ്ല്യു 7 സീരീസ്, റോൾസ് റോയ്സ് ഫാന്റം, ബെന്റലി കോണ്ടിനെന്റൽ ജിടി തുടങ്ങിയ കാറുകൾ ഷാറൂഖിന്റെ പക്കലുണ്ട്. അടുത്തിടെ ഏകദേശം 12 കോടി രൂപ മുടക്കി ഷാരൂഖ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാറായ ബുഗാട്ടി വെയ്റോണും സ്വന്തമാക്കി എന്നാണ് ബോളിവുഡ് ലോകത്തു നിന്നുള്ള പുതിയ വാർത്ത.
സൽമാന്റെ ഔഡി ആർ എസ് 7
മസിൽഖാൻ സൽമാന് ബൈക്കുകളോടും കാറുകളോടും ഒരുപോലെ പ്രേമമാണ്. സുസുക്കിയുടെ ബ്രാൻഡ് അമ്പാസിഡറായ സൽമാന് സൂപ്പർബൈക്കായ ഇൻഡ്യൂഡർ കമ്പനി സമ്മാനിച്ചിരുന്നു. കൂടാതെ ഔഡി ആർഎസ്7 ന്റെ ഇന്ത്യയിലെ ആദ്യ ഉടമയും നമ്മുടെ സ്വന്തം സല്ലു തന്നെ. ബിഎംഡബ്ല്യു എക്സ്6, റേഞ്ച് റോവർ വോഗ്, ഔഡി ആർ 8, ക്യൂ7 തുടങ്ങി നിരവധി കാറുകള്‍ സൽമാന്റെ പക്കലുണ്ട്.
ആമിർ ഖാന്റെ ഫാന്റം
മിസ്റ്റർ പെർഫക്ഷണലിസ്റ്റ് ആമിർ ഖാന്റെ കാർ വാഹനലോകത്തെ പെർഫക്റ്റ് ലക്ഷ്വറി കാറായ റോൾസ് റോയ്സ് ഫാന്റമാണ്. ബെന്റ്ലി കോണ്ടിനെന്റൽ, ബിഎംഡബ്ല്യു 6 സീരീസ്, റേഞ്ച് റോവർ തുടങ്ങി സൂപ്പർ ലക്ഷ്വറി കാറുകൾ നിരവധിയുണ്ട് ആമിർ ഖാന്റെ പക്കൽ.
അമിതാഭ് ബച്ചന്റെ ഫാന്റം
സംവിധായകൻ വിധു വിനോദ് ചോപ്ര സമ്മാനിച്ച 3.11 കോടിയുടെ ഫാന്റമാണ് ബച്ചന്റെ ഇഷ്ട കാർ. ബിഎംഡ്ബ്ല്യു 760 എൽഐ, പോർഷെ കെയ്മൻ, ബെൻസ് എസ് ക്ലാസ് തുടങ്ങി നിരവധി കാറുകൾ ബച്ചന്റെ ഗ്യാരേജിലുമുണ്ട്.
ജോൺ എബ്രഹാമിനിഷ്ടം ലംബോർഗ്നി
ബോളിവുഡിലെ അംഗീകൃത വാഹന ഭ്രാന്തനാണ് ജോണ്‍ എബ്രഹാം ബൈക്കുകളുടെ വലിയ ശേഖരം തന്നെയുണ്ട് പാതി മലയാളിയായ ഈ താരത്തിന്റെ ഗ്യാരേജിൽ. ബൈക്കാണ് ജോണിന്റെ ഇഷ്ട വാഹനമെങ്കിലും ലംബോഗ്നി ഗലാർഡോ എൽപി 550-2 എന്ന സൂപ്പർ സ്പോർട്സ് കാറാണ് ഗ്യാരേജിലെ സൂപ്പർ താരം. കൂടാതെ മാരുതി സുസുക്കി ജിപ്സി, ഔഡി ക്യു7, ക്യൂ3 തുടങ്ങിയ ലക്ഷ്വറി കാറുകളും ജോൺ എബ്രഹാമിന് സ്വന്തമായിട്ടുണ്ട്.