ജർമൻ വാഹന ഘടക നിർമാതാക്കളായ ബോഷ് വരുംവർഷങ്ങളിൽ ഇന്ത്യയിൽ 800 കോടി രൂപ വീതം നിക്ഷേപിക്കാൻ ഒരുങ്ങുന്നു. ഒപ്പം ബെംഗളൂരുവിലെ നിർമാണശാല മാറ്റി സ്ഥാപിച്ചു കമ്പനി ആസ്ഥാനത്തെ ആധുനിക സാങ്കേതികവിദ്യ പാർക്കായി വികസിപ്പിക്കാനും ബോഷിനു പദ്ധതിയുണ്ട്. നിലവിൽ 18,000 കോടി രൂപയാണു ബോഷ് ഇന്ത്യയുടെ വാർഷിക വരുമാനം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10 സ്ഥാപനങ്ങളിലായി 30,000 ജീവനക്കാർ ജോലി ചെയ്യുന്നുമുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കമ്പനി ഇന്ത്യയിൽ ശരാശരി 650 മുതൽ 900 കോടി രൂപ വരെ നിക്ഷേപിക്കുന്നുണ്ടെന്ന് ബോഷ് മാനേജിങ് ഡയറക്ടർ സൗമിത്ര ഭട്ടാചാര്യ അറിയിച്ചു. വ്യവസായ സാഹചര്യങ്ങളിൽ വൻമാറ്റമൊന്നും സംഭവിച്ചില്ലെങ്കിൽ സമാനതോതിലുള്ള നിക്ഷേപം വരുംവർഷങ്ങളിലും പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു. മൂലധന വിഭാഗത്തിൽ വരുംനാളുകളിലും പ്രതിവർഷം ശരാശരി 650 — 800 കോടി രൂപ ബോഷ് ഇന്ത്യയിൽ നിക്ഷേപിക്കും. എന്നാൽ വിപണി സാഹചര്യങ്ങളിൽ വൻവ്യതിയാനം നേരിടുന്നപക്ഷം ഈ നിക്ഷേപത്തിലും മാറ്റമുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർമാണശാലകളെ കടുതൽ കണക്റ്റഡും ഇന്റലിജന്റുമൊക്കെയാക്കാനാവും ബോഷ് പ്രധാനമായും മുതൽമുടക്കുക. ഗ്രൂപ്പിലെ എല്ലാ വിഭാഗങ്ങൾക്കും ഉപകരിക്കുംവിധത്തിൽ ബെംഗളൂരുവിലെ ശാലയെ ആധുനിക സാങ്കേതികവിദ്യാ കേന്ദ്രമാക്കി മാറ്റും. നിലവിലുള്ള ശാലയെ മൈസൂരു റോഡിലേക്കു മാറ്റി ബെംഗളൂരുവിലേത് നിർമാണവിമുക്ത മേഖലയാക്കി മാറ്റാനും ബോഷ് ലക്ഷ്യമിടുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയായെന്നും 2019 ആകുമ്പോഴേക്ക് രണ്ടാം ഘട്ടവും പിന്നിടുമെന്നും ഭട്ടാചാര്യ വെളിപ്പെടുത്തി. പ്രധാന ശാല മാറ്റി സ്ഥാപിക്കുന്ന പ്രവർത്നം പൂർത്തിയാവുന്നതോടെയാവും ടെക്നോളജി പാർക്ക് വികസനത്തിനുള്ള നടപടികൾക്കു തുടക്കമാവുക. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഗ്രൂപ്പിന്റെ എൻജിനീയറിങ് കമ്പനികളിൽ നിന്നു മൂവായിരത്തോളം പേരാണു ടെക്നോളജി പാർക്കിൽ ചേർന്നത്.