കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ബജറ്റ് പ്രഖ്യാപനങ്ങൾ വഴി വില കൂടുന്നവയിൽ കാറുകളും. വിവിധ വിഭാഗങ്ങളിലെ വാഹനങ്ങൾക്ക് ഒരു ശതമാനം മുതൽ നാലു ശതമാനം വരെ വില ഉയരും. പെട്രോൾ, എൽപിജി, സിഎൻജി കാറുകൾക്ക് ഒരു ശതമാനവും ചെറു ഡീസൽ കാറുകൾക്ക് രണ്ടര ശതമാനവും പരിസ്ഥിതി സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 10 ലക്ഷത്തിൽ കൂടുതൽ വിലയുള്ള ആഡംബര കാറുകൾക്ക് ഒരു ശതമാനം അധിക നികുതിയും ഏർപ്പെടുത്തി. എൻജിൻ കപ്പാസിറ്റി കൂടിയ പാസഞ്ചർ കാറുകൾക്കും എസ്‌യുവികൾക്കും നാലു ശതമാനം അധികനികുതിയും ചുമത്തും. ഫാസ്റ്റർ അഡോപ്ക്ഷൻ ആന്റ് മാന്യുഫാച്ചറിങ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ് (എഫ്എഎംഇ) പദ്ധതിക്കായി 75 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
നിലവിൽ ചെറുകാറുകൾക്ക് ഏകദേശം 30 ശതമാനവും വലിയ കാറുകൾക്ക് 42 ശതമാനവും എസ്‌യുവികൾക്ക് 51 ശതമാനവുമാണ് നികുതി. ഇതിനൊപ്പം പുതുതായി ഏർപ്പെടുത്തിയ നികുതി കൂടി ചേർന്നാൽ അത് വിൽപ്പനയെ കാര്യമായി ബാധിക്കുമെന്നാണ് വാഹന നിർമാതാക്കളുടെ വിലയിരുത്തൽ. പരിസ്ഥിതി മലിനീകരണത്തിന്റെ പേരിൽ ഏർപ്പെടുത്തുന്ന അധിക നികുതി അംഗീകരിക്കാൻ പ്രയാസമാണെന്നാണ് ഇവരുടെ വാദം. 2020 ൽ യൂറോ 6 നിലവാരം കൊണ്ടുവരണമെങ്കിൽ വലിയ നിക്ഷേപങ്ങൾ വേണ്ടിവരുമെന്നും അപ്പോൾ വാഹനത്തിന്റെ വില ഉയർത്തേണ്ടി വരുമെന്നും ഇത്തരത്തിൽ നികുതികൾ ഉയർത്തിയാൽ വാഹന വിപണിയെ അത് കാര്യമായി ബാധിക്കുമെന്നുമാണ് വാഹന നിർമാതാക്കളുടെ പക്ഷം.