കൊടുങ്കാറ്റിൽ വാഹനങ്ങളും വീടുകളും പറന്നു പോകുന്ന വിഡിയോകൾ ധാരാളം കണ്ടിട്ടുണ്ട്. പ്രകൃതിയുടെ ഈ പ്രതിഭാസത്തിൽ പിടിച്ചു നിൽക്കുക ബുദ്ധിമുട്ട് തന്നെയാണ്. അത്തരമൊരു വിഡിയോയാണിപ്പോൾ യൂട്യൂബിൽ വൈറലായിരിക്കുന്നത്. അമേരിക്കയിലെ വയോമിങ് സംസ്ഥാനത്തെ എൽക് മൗണ്ടൻ ഹൈവേയിലാണ് സംഭവം.
റോഡിലൂടെ വന്ന ഒരു കൂറ്റൻ ട്രക്ക് കാറ്റിൽപ്പെട്ടു മറിഞ്ഞുവീണത് റോഡരികിൽ പാർക് ചെയ്തിരുന്ന ഒരു പൊലീസ് കാറിനു മുകളിലാണ്. തൊട്ടുമുന്നിൽക്കിടന്ന മറ്റൊരു വാഹനത്തിലെ ഡാഷ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഭാഗ്യത്തിന് പൊലീസ് കാറിൽ ആരും ഉണ്ടായിരുന്നില്ല. വയോമിങ് പൊലീസ് തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കനത്ത കാറ്റിനെ തുടർന്ന് വേഗം കുറച്ചു വന്ന ട്രക്കാണ് മറിഞ്ഞുവീണത്.
ശക്തമായ കാറ്റുണ്ടെന്നും വലിയ വാഹനങ്ങൾ ഹൈവേയിലൂടെ ഓടിക്കരുതെന്നുമുള്ള മുന്നറിയിപ്പ് ട്രക്ക് ഡ്രൈവർ അവഗണിച്ചതുകൊണ്ടാണ് ഈ അപകടം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. ശക്തമായ കാറ്റിൽ വാഹനമോടിച്ചാൽ ഉണ്ടാകാവുന്ന അപകടത്തെപ്പറ്റി പൊതുജനങ്ങൾക്കു മുന്നറിയിപ്പ് നൽകാനാണ് ഈ വിഡിയോ പുറത്തുവിട്ടതെന്നും പൊലീസ് പറയുന്നുണ്ട്.