യോക്കോഹാമ, ജപ്പാൻ∙ ഡാറ്റ്സൺ ഗോയുടെ മികച്ച വിജയത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് പുതിയ തലങ്ങളിലേയ്ക്കു പ്രവേശിയ്ക്കുകയാണു ഡാറ്റ്സൺ. ക്രോസ് കോൺസെപ്റ്റിൽ ഡാറ്റ്സൺ ഗോ ടോക്കിയോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചു. ഫെബ്രുവരി 2014ല്‍ പുറത്തിറക്കിയ റെഡി-ഗോ കോൺസെപ്റ്റിൽ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണിത്. ഗോ, ഗോ പ്ലസ് നിരയിലെത്തുന്ന പുതിയ മോഡലിലൂടെ ക്രോസ് ഓവർ വിപണിയിൽ ആധിപത്യം ഉറപ്പാക്കാനാണു ഡാറ്റ്സണിന്റെ ശ്രമം.
ദൈനംദിന ഉപയോഗം, നാഗരിക ഉപയോഗം എന്നിവയ്ക്കു പുറമെ അത്യാവശ്യം അവധിക്കാല യാത്രകൾക്കും ഒരു പോലെ ഉപകരിക്കുന്ന തരത്തിലാണു രൂപകൽപ്പന. സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുകയെന്നു കരുതുന്നു. ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുള്ളത്. എന്നാൽ ഫീച്ചറുകളും രൂപകൽപനയും ഗോ പ്ലസിൽ നിന്നു വ്യത്യസ്തമാണ്.
ഡാറ്റ്സൺ കാറുകളുടെ ശ്രദ്ധേയമായ ഡി-കട്ട് ഗ്രിൽ വലുപ്പം കൂട്ടിയിരിക്കുന്നു. ഉയർന്ന ബോണറ്റ് ലൈൻ, കറുപ്പിൽ ക്രോം ഫിനിഷ് എന്നിവയും ശ്രദ്ധേയമാണ്. എൽഇഡി ടെയിൽ ലൈറ്റ്, എൽഇഡി ഹെഡ്‌ലൈറ്റ് എൽഇഡി എന്നിവ കൂടുതൽ മികച്ച ടെക് ലുക്ക് നൽകുന്നു. ഫോർ വീൽ ഡ്രൈവ് ഓപ്ഷനില്ല. 17 ഇഞ്ച്, അഞ്ചു സ്പോക്ക് അലോയ് വീലുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും പരുക്കന്‍ റോഡിലും മികച്ച കൺട്രോൾ നൽകുന്നു. പരുക്കൻ റോഡുകളെ ശക്തമായി പ്രതിരോധിയ്ക്കാൻ അടിവശത്തും ഗാർഡ്സ് നൽകിയിട്ടുണ്ട്. കടും മഞ്ഞ നിറമുള്ള ബോഡിയും ഗ്രാഫിക്സും ഒരു പോലെ ശ്രദ്ധേയമാണ്.