ഇന്ത്യൻ നിർമിത ‘ഫ്യുസൊ’ ദക്ഷിണ ആഫ്രിക്കയിലേക്കും

ഇന്ത്യയിൽ നിർമിച്ച ‘ഫ്യുസൊ’ ട്രക്കുകൾ ദക്ഷിണ ആഫ്രിക്കയിലേക്കും കയറ്റുമതി തുടങ്ങിയെന്നു ഡെയ്മ്​ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ്(ഡി ഐ സി വി). ജർമനിയിലെ സ്റ്റുട്ട്ഗർട്ട് ആസ്ഥാനമായ ഡെയ്മ്​ലർ എ ജിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഡി ഐ സി വി 2013 മേയിൽ കയറ്റുമതി ആരംഭിച്ചതു മുതൽ ഇന്ത്യൻ നിർമിത ‘ഫ്യുസൊ’ ട്രക്കുകൾ വിൽപ്പനയ്ക്കെത്തുന്ന 14—ാമതു വിദേശ വിപണിയാണുദക്ഷിണ ആഫ്രിക്ക. നിലവിൽ കെനിയ, ശ്രീലങ്ക, സാംബിയ, ടാൻസാനിയ, സിംബാബ്വെ, ബംഗ്ലദേശ്, ബ്രൂണെ, ഇന്തൊനീഷ, ദക്ഷിണ അമേരിക്കൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗൊ, കംബോഡിയ തുടങ്ങിയ വിപണികളിലെല്ലാം ഇന്ത്യയിൽ നിർമിച്ച ‘ഫ്യുസൊ’ വിൽപ്പനയ്ക്കുണ്ട്. തുടക്കത്തിൽ ‘ഫ്യുസൊ’ ശ്രേണിയിലെ ലൈറ്റ്, മീഡിയം ട്രക്കുകളാണ് ദക്ഷിണ ആഫ്രിക്കയിലേക്കു കയറ്റുമതി ചെയ്യുകയെന്നും ഡി ഐ സി വി അറിയിച്ചു.

ആഗോളതലത്തിൽ വിൽപ്പന വളർച്ച കൈവരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണു ദക്ഷിണ ആഫ്രിക്കയിലേക്കുള്ള കയറ്റുമതിയെന്നു ഡി ഐ സി വി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എറിക് നെസ്സെൽഹോഫ് അറിയിച്ചു. ട്രക്ക് കയറ്റുമതിയിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനമാണു കമ്പനി കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒട്ടേറെ വിപണികളിൽ പ്രവർത്തന മികവു തെളിയിച്ച ഇന്ത്യൻ നിർമിത ‘ഫ്യുസൊ’ ട്രക്കുകൾ ദക്ഷിണ ആഫ്രിക്കയിലെ ഉടമകൾക്കും മികച്ച ബിസിനസ് സാധ്യത തുറന്ന കൊടുക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

വിദേശ വിപണികളിൽ ‘ഫ്യുസൊ’ ട്രക്കുകൾ കൈവരിച്ച സ്വീകാര്യത ഇന്ത്യയിലെ ട്രക്ക് നിർമാണ മികവിനുള്ള തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യൻ വിപണികളിൽ ശക്തമായ സാന്നിധ്യം ലക്ഷ്യമിട്ടാണു ഡെയ്മ്​ലർ ‘ഫ്യുസൊ’ ബ്രാൻഡിൽ ‘എഫ് എ’, ‘എഫ് ഐ’, ‘എഫ് ജെ’ എന്നിവ പുറത്തിറക്കിയത്. നിലവിൽ ‘ഫ്യുസൊ’യുടെ അഞ്ചു മോഡലുകളാണ് ഇന്ത്യയിൽ നിർമിക്കുന്നത്: ഇടത്തരം ഹെവി ഡ്യൂട്ടി(ജി വി ഡബ്ല്യു 25 — 49 ടൺ) വിഭാഗത്തിൽ എഫ് ജെ, എഫ് ഒ, എഫ് സെഡ്), ലഘു — ഇടത്തരം ഡ്യൂട്ടി(ജി വി ഡബ്ല്യു ഒൻപതു മുതൽ 16 ടൺ വരെ) വിഭാഗത്തിൽ എഫ് എ, എഫ് ഐ). ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് 400 ഏക്കർ വിസ്തീർണത്തിൽ 4,400 കോടി രൂപ ചെലവിലാണു ഡെയ്മ്​ലർ ഇന്ത്യ വാഹന നിർമാണശാല സ്ഥാപിച്ചിരിക്കുന്നത്. പ്രതിവർഷം 36,000 യൂണിറ്റാണു ശാലയുടെ ഉൽപ്പാദന ശേഷി.

മിറ്റ്സുബിഷി ഫ്യുസൊ ട്രക്ക് ആൻഡ് ബസ് കോർപറേഷ(എം എഫ് ടി ബി സി)ന്റെ സഹകരണത്തോടെയാണു ഡെയ്മ്​ലർ ഇന്ത്യ ‘ഫ്യുസൊ’ ട്രക്കുകൾ വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും പിന്നാലെ മധ്യ പൂർവ ദേശത്തെയും ലാറ്റിൻ അമേരിക്കയിലെയും വിവിധ വിപണികളിലും ‘ഫ്യുസൊ’ മോഡലുകൾ വിൽക്കാൻ ഡി ഐ സി വിക്കു പദ്ധതിയുണ്ട്.