ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി കഴിഞ്ഞ വർഷം റെക്കോഡ് വിൽപ്പന സ്വന്തമാക്കി. നവതി ആഘോഷ വേളയിൽ 55,451 ഇരുചക്രവാഹനങ്ങളാണു കമ്പനി ആഗോളതലത്തിൽ വിറ്റത്. 2015ൽ വിറ്റ 54,809 യൂണിറ്റിനെ അപേക്ഷിച്ച് 1.2% അധികമാണിത്. അതേസമയം ഓരോരോ മോഡലിന്റെയും വിൽപ്പനയോ മേഖല തിരിച്ചുള്ള വിൽപ്പനക്കണക്കുകളോ ഡ്യുകാറ്റി പങ്കുവച്ചിട്ടില്ല. എങ്കിലും മൾട്ടിസ്ട്രാഡ ശ്രേണിയുടെ വിൽപ്പനയിൽ 2015നെ അപേക്ഷിച്ച് 16% വർധന നേടാൻ കഴിഞ്ഞതായി ബൊളോണ ആസ്ഥാനമായ കമ്പനി വെളിപ്പെടുത്തി.
നവതി ആഘോഷിച്ച വർഷം റെക്കോഡ് വിൽപ്പനയോടെ പൂർത്തിയാക്കാനായത് അഭിമാനകരവും തൃപ്തികരവുമാണെന്നു ഡ്യുകാറ്റി മോട്ടോർ ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ക്ലൗഡിയൊ ഡൊമെനിസെലി അഭിപ്രായപ്പെട്ടു. തുടർച്ചയായ ഏഴാം വർഷമാണു ഡ്യുകാറ്റി വാഹന വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തുന്നത്. കമ്പനിയുടെ തന്ത്രങ്ങൾക്കും കഴിവുകൾക്കുമുള്ള അംഗീകാരമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡ്യുകാറ്റിയുടെ പ്രധാന വിപണിയായി യു എസ് തുടരുകയാണ്; 8,787 ബൈക്കുകളാണു കമ്പനി ഈ വിപണിയിൽ 2016ൽ വിറ്റത്. യൂറോപ്പിലും ഡ്യുകാറ്റി മികവു കാട്ടി. സ്പെയിനിലെ വിൽപ്പന 2015നെ അപേക്ഷിച്ച് 38% വർധിച്ചപ്പോൾ ഇറ്റലിയിലും 20% വളർച്ച നേടാൻ കമ്പനിക്കുകഴിഞ്ഞു.
ജർമനിയിലെ ബൈക്ക് വിൽപ്പനയിലാവട്ടെ എട്ടു ശതമാനത്തോളമാണു വളർച്ച. ഏഷ്യയിൽ ചൈനയിലെ വിൽപ്പനയിൽ 120% വർധന കൈവരിക്കാൻ കഴിഞ്ഞെന്നാണു ഡ്യുകാറ്റിയുടെ കണക്ക്. ലാറ്റിൻ അമേരിക്കയിലെ ബ്രസീലിൽ 36 ശതമാനവും അർജന്റീനയിൽ 219 ശതമാനവുമാണു ഡ്യുകാറ്റിയുടെ വിൽപ്പനയിലെ വളർച്ച. ‘സ്ക്രാംബ്ലർ’ ബ്രാൻഡിന്റെ രംഗപ്രവേശം 2016ലെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് ഡ്യുകാറ്റി മോട്ടോർ ഹോൾഡിങ് ഗ്ലോബൽ സെയിൽസ്, മാർക്കറ്റിങ് ഡയറക്ടർ ആൻഡ്രിയ ബുസോനി അഭിപ്രായപ്പെട്ടു. ബ്രാൻഡിന്റെയും ശ്രേണിയുടെയും മികവിനൊപ്പം ആഗോള വിപണന ശൃംഖലയുടെ കരുത്തും റെക്കോഡ് വിൽപ്പനയിൽ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.