ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ പസഫിക് മേഖലയിൽ ഇക്കൊല്ലം ഇതുവരെയുള്ള മൊത്തം വാഹന വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി. ഏഷ്യ പസഫിക് മേഖലയിലെ വിൽപ്പനയിൽ മികച്ച വളർച്ചയുണ്ടെന്നും കഴിഞ്ഞ മാസം റെക്കോഡ് നേട്ടമായിരുന്നെന്നും ഫോഡ് അവകാശപ്പെട്ടു. 2015 ഓഗസ്റ്റിനെ അപേക്ഷിച്ച് 22% വർധനയോടെ 1,26,834 വാഹനങ്ങളാണു ഫോഡ് ഏഷ്യ പസഫിക് മേഖലയിൽ വിറ്റത്; ഈ മേഖലയിൽ 4.1% വിപണി വിഹിതം നേടാനും കമ്പനിക്കായി. ആദ്യ എട്ടു മാസത്തിനുള്ളിൽ തന്നെ വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടത് കമ്പനിയുടെ ബ്രാൻഡുകൾക്ക് ഏഷ്യയിലുള്ള ഉയർന്ന ആവശ്യത്തിന്റെ പ്രതിഫലനമാണെന്നു ഫോഡ് ഏഷ്യ പസഫിക് പ്രസിഡന്റ് ഡേവ് സ്കോച് അഭിപ്രായപ്പെട്ടു. പ്രതികൂല വിപണി സാഹചര്യങ്ങളെയും എതിരാളികളിൽ നിന്നുള്ള കടുത്ത വെല്ലുവിളിയെയും അതിജീവിച്ചാണ് ഏഷ്യ പസഫിക് മേഖലയിൽ ഫോഡ് വളർച്ച നിലനിർത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) ശ്രേണിയിലെ വൈവിധ്യമാണു ഫോഡിന്റെ വിൽപ്പന വളർച്ചയെ തുണയ്ക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലത്തെ എസ് യു വി വിൽപ്പനയിൽ 17% വർധനയുണ്ട്. ഇക്കൊല്ലം ഫോഡ് നേടിയ മൊത്തം വിൽപ്പനയിൽ 30 ശതമാനത്തോളം എസ് യു വികളുടെ സംഭാവനയാണെന്നും സ്കോച് വിശദീകരിച്ചു. കഴിഞ്ഞ വർഷം പുറത്തെത്തിയ ‘ഫോഡ് എഡ്ജ്’ ചൈനയിൽ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്. ‘എഡ്ജി’ന്റെ പിൻബലത്തിൽ ചൈനയിലെ വിൽപ്പനയിൽ മൂന്നിരട്ടി വർധന നേടാനായെന്നും അദ്ദേഹം അറിയിച്ചു. ‘മസ്താങ്ങി’ന്റെ വരവാകട്ടെ ചൈനയ്ക്കു പുറമെ ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണ കൊറിയ വിപണികളിലും ആവേശം സൃഷ്ടിച്ചു. പിക് അപ്പായ ‘റേഞ്ചറി’നും ഓസ്ട്രേലിയ, ന്യൂസീലൻഡ്, തയ്വാന്, തായ്ലൻഡ്, വിയറ്റ്നാം വിപണികളിൽ ആവശ്യക്കാരേറെയുണ്ട്.
ഏഷ്യ പസഫിക് മേഖലയിൽ ചൈനയിലെ സംയുക്ത സംരംഭങ്ങളുടെ മികവിലാണു ഫോഡ് ഓഗസ്റ്റിലെ വിൽപ്പനയിൽ 22% വളർച്ച കൈവരിച്ചത്. ‘റേഞ്ചറും’ ‘ട്രാൻസിറ്റും’ മികവു കാട്ടിയപ്പോൾ വിയറ്റ്നാമിൽ ഓഗസ്റ്റിലെ വിൽപ്പനയിൽ 57% വർധനയാണു ഫോഡ് കൈവരിച്ചത്. ലിപ്പൈൻസിലാവട്ടെ ‘ഇകോസ്പോർട്’, ‘റേഞ്ചർ’, ‘എവറസ്റ്റ്’ എന്നിവയുടെ പിൻബലത്തിൽ 90 ശതമാനത്തിലേറെ വിൽപ്പന വളർച്ചയാണു ഫോഡ് നേടിയത്. തായ്ലൻഡിലാവട്ടെ പിക് അപ് വിഭാഗത്തിൽ ‘റേഞ്ചറി’ന്റെ വിപണി വിഹിതം ഇതാദ്യമായി 10 ശതമാനത്തിനു മുകളിലെത്തി. അത്യാധുനിക വാഹന ശ്രേണിയുടെ പിൻബലത്തിൽ ഏഷ്യ പസഫിക് മേഖലയിലെ ഉപയോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാൻ കമ്പനിക്കു കഴിയുന്നുണ്ടെന്ന് ഫോഡ് ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) പീറ്റർ ഫ്ളീറ്റ് അഭിപ്രായപ്പെട്ടു. ചൈനീസ് വിപണിയിൽ പുതിയ ‘കൂഗ’യും ‘സിങ്ക് ത്രി’യുമൊക്കെ അവതരിപ്പിച്ച് ഇക്കൊല്ലം അവശേഷിക്കുന്ന മാസങ്ങളിലും അടുത്ത വർഷവും വിൽപ്പനയിലെ വളർച്ച നിലനിർത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.