Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് പിടി വീഴുന്നു

commercial-vehicle

പത്തുവർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ ഉപയോഗം നിരുൽസാഹപ്പെടുത്തുന്ന നയത്തിന് സർക്കാർ രൂപം നൽകാൻ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. എന്നാൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ട്രക്ക്, ബസ് എന്നിവ നിരോധിക്കാൻ തൽക്കാലം നടപടിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പഴയ വാഹനങ്ങൾ മാറ്റി 10 ലക്ഷം രൂപയുടെ പുതിയ വാണിജ്യ വാഹനം വാങ്ങുമ്പോൾ നികുതി ഇളവ്, കിഴിവ് എന്നീ ഇനങ്ങളിൽ 2.5 ലക്ഷം രൂപയുടെ ഇളവ് അനുവദിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

നിരത്തിൽ നിന്നും പിൻവലിക്കുന്ന വാഹനങ്ങളുടെ വില കണക്കാക്കുന്നത് യഥാർഥ വിലയുടെ 10–15 ശതമാനമായിരിക്കും. 10 ലക്ഷം രൂപയുടെ വാഹനമാണെങ്കിൽ 10% വില നിശ്ചയിക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഇത്തരം വാഹനങ്ങൾ ഉയർത്തുന്ന മലിനീകരണം കൂടുതൽ ആശങ്ക ഉണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു. പുതിയ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി വൈകാതെ തേടും. വാഹന നിർമാണ രംഗത്ത് ഇതുവഴി 25% വളർച്ച ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

പഴയ വാഹനങ്ങൾ പിൻവലിക്കുന്നതു വഴി ഉണ്ടാകുന്ന പ്രതിസന്ധി നേരിടാൻ തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി 10 വ്യവസായ യൂണിറ്റുകൾ തുടങ്ങും. പഴയ വാഹനങ്ങൾ സ്വീകരിക്കുന്നതിന് ലൈസൻസ് നൽകുന്നതോടൊപ്പം വാഹനങ്ങൾ പൊളിച്ച് യന്ത്ര ഭാഗങ്ങളും മറ്റും റീസൈക്കിൾ ചെയ്യാനുള്ള സംവിധാനവും ഇവിടെ നടപ്പാക്കും. 15 വർഷം പഴക്കമുള്ള ഏതാണ്ട് 27 ലക്ഷം വാണിജ്യ വാഹനങ്ങൾ നിലവിൽ ഉണ്ടെന്നാണ് കണക്ക്. ഈ വർഷം മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 195,918 വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ – ഒക്ടോബർ കാലയളവിൽ 136,201 വാഹനങ്ങൾ വിൽപന നടത്തി. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ 32% വർധന. പുതിയ വാഹനങ്ങൾ വാങ്ങുന്നതുവഴി സർക്കാരിന് നികുതിയിനത്തിൽ വരുമാനം കിട്ടുകയും ചെയ്യും.