മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതു രാജ്യത്തെ വാണിജ്യ വാഹന വിൽപ്പനയ്ക്കു തിരിച്ചടിയാവുമെന്നു പ്രമുഖ റേറ്റിങ് ഏജൻസിയായ ‘ഐക്ര’. പണലഭ്യത പരിമിതമായതോടെ വലിയ ഫ്ളീറ്റ് ഓപ്പറേറ്റർമാർ പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് ട്രക്ക് വിൽപ്പനയിൽ 15 —30% ഇടിവു നേരിട്ടിട്ടുണ്ടെന്നും ‘ഐക്ര’ കരുതുന്നു. ട്രിപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്ക് പണമിടപാടുകളെയാണു മാർക്കറ്റ് ലോഡ് ഓപ്പറേറ്റർമാർ ആശ്രയിക്കുന്നത്.
അതുകൊണ്ടുതന്നെ കറൻസികൾ പിൻവലിച്ചത് ഈ വിഭാഗത്തിനാണ് കനത്ത തിരിച്ചടി സൃഷ്ടിച്ചത്. ഡീസൽ വില കുറഞ്ഞതിന്റെ ഫലമായി കടത്തുകൂലി കുറഞ്ഞിട്ടില്ലെന്നും ‘ഐക്ര’ ചൂണ്ടിക്കാട്ടുന്നു. ചരക്ക് ലഭ്യതയിലെ ഇടിവ് മൂലം കടത്തു കൂലിയിൽ ഏഴു മുതൽ ഒൻപതു ശതമാനം വരെ വർധനയുണ്ടായെന്നാണു കണക്കുകൾ നൽകുന്ന സൂചന. വാണിജ്യ വാഹന വായ്പ അനുവദിച്ച കമ്പനികൾക്കും കറൻസി നിരോധനം തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. പണമായി വായ്പ തിരിച്ചടച്ചവരിൽ നിന്നുള്ള പിരിവ് മുടങ്ങിയതാണ് ഇത്തരം കമ്പനികളെ പ്രതിസന്ധിയിലാക്കുന്നതെന്ന് ‘ഐക്ര’ വിശദീകരിക്കുന്നു.
വാഹന വ്യാപാരികളെ സംബന്ധിച്ചിടത്തോളം പതിയ വാണിജ്യ വാഹനങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം തന്നെ ഏറെക്കുറെ നിലച്ചമട്ടാണ്. നിലവിൽ ഓർഡർ നൽകിയവാകട്ടെ ഡലിവറി വൈകിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. അതേസമയം കറൻസി നിരോധനം ബസ് വിൽപ്പനയെ കാര്യമായി ബാധിക്കില്ലെന്നാണ് ‘ഐക്ര’യുടെ നിഗമനം. ഈ മേഖലയിലെ വിൽപ്പനയുടെ നല്ലൊരു പങ്ക് സ്ഥാപനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നുമാണെന്നതാണ് ഈ മാറ്റത്തിനു കാരണമെന്നും ഏജൻസി വിശദീകരിക്കുന്നു.