മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതു കാര്യമായ പ്രത്യാഘാതം സൃഷ്ടിച്ചിട്ടില്ലെന്നു കൈനറ്റിക് ഗ്രൂപ്പിൽപെട്ട പ്രീമിയം മോട്ടോർ സൈക്കിൾ നിർമാതാക്കളായ എം വി അഗസ്റ്റ ഇന്ത്യ. എന്നാൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതുമൂലം വിപണിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം മാറ്റാൻ നടപടി വേണമെന്നു കമ്പനി കരുതുന്നു.
മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതു നല്ല തീരുമാനവും മികച്ച നടപടിയുമാണെന്ന് എം വി അഗസ്റ്റ ഇന്ത്യ മാനേജിങ് ഡയറക്ടർ അജിങ്ക്യ ഫിറോദിയ അഭിപ്രായപ്പെട്ടു. ഈ തീരുമാനം മൂലം കമ്പനിക്കു കാര്യമായ തിരിച്ചടി നേരിടുമെന്നു കരുതുന്നില്ല. വിപണിയിൽ ചില തിരുത്തലുകൾ സംഭവിക്കുന്നുണ്ട്. ഒപ്പം ഈ തീരുമാനത്തിന്റെ ഫലമായുള്ള ആശയക്കുഴപ്പം ദൂരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
വ്യാപകമായി ഓൺലൈൻ ഇടപാടു നടത്തുന്ന സമ്പന്നരായ ഉപയോക്താക്കളാണു പൊതുവേ എം വി അഗസ്റ്റ മോഡലുകൾ വാങ്ങാൻ എത്തുന്നത്. അതുകൊണ്ടുതന്നെ നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം അവരെ ബാധിക്കില്ലെന്നും ഫിറോദിയ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇക്കൊല്ലം അരങ്ങേറ്റം കുറിച്ച ‘എം വി അഗസ്റ്റ’യ്ക്ക് ഡിസംബറിനുള്ളിൽ 400 ബൈക്കുകൾ വിൽക്കാനാവുമെന്നാണു പ്രതീക്ഷ. 2018 ആകുമ്പോഴേക്കു വാർഷിക വിൽപ്പന 600 — 800 യൂണിറ്റിലെത്തിക്കാനാവുമെന്നും ഫിറോദിയ കണക്കുകൂട്ടുന്നു. പുണെയിലും അഹമ്മദബാദിലുമായി 70 ബൈക്കുകൾ വിറ്റഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ദക്ഷിണേന്ത്യയിലെ ആദ്യ ഷോറൂമായ ബെംഗളൂരുവിലും 60 — 70 ബൈക്ക് വിൽക്കാനാവുമെന്നാണു പ്രതീക്ഷ. പരിമിതകാല പതിപ്പായ ‘എഫ് ത്രി 800 ആർ സി എ എം ജി’യും ‘എം വി അഗസ്റ്റ’ ബെംഗളൂരു ഷോറൂമിൽ ലഭ്യമാക്കുന്നുണ്ട്.